കുഞ്ഞു മനസിലെ നന്മയുടെ കഥയുമായി നി​ന്നോളം

Monday 09 March 2026 12:34 AM IST

പത്തനംതിട്ട : ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതത്തിന്റെ കഥ. എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്തു നിന്ന് പുതിയ തുടക്കമായി മാറുന്ന നന്മകളുടെ കഥ. കുട്ടികൾ ലഹരിയുടെയും സാമൂഹിക മാദ്ധ്യമങ്ങളുടെയും അടിമകളാണെന്ന കുറ്റപ്പെടുത്തലുകൾക്കിടെ കുഞ്ഞു മനസ്സിലെ നന്മകളുടെ കഥയുമായി എത്തുകയാണ് 'നിന്നോളം'. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് 'നിന്നോളം' എന്ന 30 മിനിറ്റ് ഹ്രസ്വചിത്രം തയാറാക്കിയത്.

പ്ലാന്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ പത്താം ക്ലാസുകാരി ദിവ്യയും അവളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് പ്രമേയം. കളക്ടറാകാൻ ആഗ്രഹിച്ച ദിവ്യയും പ്ലാന്റേഷൻ തൊഴിലാളിയായ അമ്മ സുജയും അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

സ്കൂളിലെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം പൂർവ്വ വിദ്യാർത്ഥികളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാട് സിനിമ കണ്ട് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ചു. അദ്ധ്യാപിക അപ്സര പി.ഉല്ലാസാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. അശ്വിനി അജികുമാർ, ആർതർ അജി, അനഘ ദിലീപ്, അപ്സര പി.ഉല്ലാസ്, വിധു.ആർ, സുരേഷ് കുമാർ.എസ്, സന്തോഷ് കുമാർ.എസ്, ദിനേശ് കുമാർ, ഗൗതം നിമേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പി.അയ്യപ്പദാസാണ് സംവിധാനം. നിർമാണം: ജ്യോതിസ് പി.ഉല്ലാസ്, വിധു ആർ. കഥ: അരുൺ എഴുത്തച്ഛൻ, ക്യാമറ: ജിജു വിഷ്വൽ. എഡിറ്റർ: ബിബിൻ ബാബു. ഗാനരചന: ഡോ.ആർ.അപർണ, മേക്കപ്പ്: സുബിൻ മാരാമൺ.