മാനാഞ്ചിറ-വെള്ളിമാട്കുന്ന് നാലുവരിപ്പാത ആദ്യഘട്ട ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: നാലുവരിയായി വികസിപ്പിക്കുന്ന മാനാഞ്ചിറ-വെള്ളിമാട്കുന്ന് പാതയിലെ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന്റെ ഉദ്ഘാടനവും രണ്ടാംഘട്ടമായ മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനവും ഇന്ന് രാവിലെ 10ന് മലാപ്പറമ്പിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കേരള റോഡ് ഫണ്ട് ബോർഡിൻ്റെ കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ 8.392 കിലോമീറ്ററാണ് 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിക്കുന്നത്. ഇതിൽ പ്രവൃത്തി ഏറെക്കുറെ പൂർത്തിയായ മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിൽ 5.320 കിലോമീറ്റർ നീളത്തിൽ നാലുവരി പാതയായാണ് ആദ്യഘട്ട വികസനം. ഡ്രെയിനേജ്, ഡക്ട് എന്നിവയ്ക്ക് സ്ലാബിടൽ, നടപ്പാതയിൽ ഇന്റർലോക്ക് പതിക്കൽ, ഡിവൈഡറുകൾ സ്ഥാപിക്കൽ എന്നിവയാണ് ശേഷിക്കുന്നത്. മാനാഞ്ചിറ-മലാപ്പറമ്പ് റീച്ചിന് 76.90 കോടി രൂപയാണ് ചെലവ്. 8.5 മീറ്റർ വീതിയുള്ള രണ്ട് ഭാഗങ്ങളാണ് റോഡിനുണ്ടാകുക. മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് പ്രവൃത്തിക്ക് ആകെ നീളം 3.027 കിലോമീറ്ററാണ്. 50.49 കോടി രൂപയാണ് ചെലവ്.