രാഹുൽ ഗാന്ധി നടത്തിയത് രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് നടത്തിയത് രാഷ്ട്രീയ നാടകമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺഗ്രസിന്റെ രാഷ്ട്രീയം വ്യാജ വാഗ്ദാനങ്ങളുടേത് മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ബീഹാർ,മഹാരാഷ്ട്ര,കർണാടക,ഹിമാചൽപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് ഇത്തരം വാഗ്ദാനങ്ങൾ നൽകിയെങ്കിലും എല്ലാം പാഴായ വാഗ്ദാനങ്ങളാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. കടത്തിൽ മുങ്ങിയ സംസ്ഥാനത്തിന്റെ അവസ്ഥ അറിയാതെയുള്ള പ്രഖ്യാപനമാണിത്. 100 രൂപ സംസ്ഥാന സർക്കാരിന് കിട്ടുന്നുണ്ടെങ്കിൽ 92.5 രൂപ പോകുന്നത് കടം തിരിച്ചടവിനും പലിശയ്ക്കും ക്ഷേമ പദ്ധതികൾക്കുമാണ്. വികസന പദ്ധതികൾക്ക് ലഭിക്കുന്നത് 7.5 രൂപയാണ്. ഇറാന് വേണ്ടി ശബ്ദമുയർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷക്കണക്കിന് മലയാളികൾ ആശ്രയിക്കുന്ന ജി.സി.സി രാജ്യങ്ങൾക്കുമേൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെയും പ്രതികരിക്കണം. പ്രീണന രാഷ്ട്രീയം രാഷ്ട്രീയ പാർട്ടികളെ അന്ധന്മാരാക്കരുത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചെതിർത്താലും ബി.ജെ.പിയെ ജനങ്ങൾ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമൻ,സംസ്ഥാന സെക്രട്ടറി എൻ.പി. അഞ്ജന,സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.