ഒരു രൂപയ്ക്ക് ഷൂ ഓഫർ,​ കിട്ടിയത് ലാത്തിയടി ; ഇരച്ചുകയറി വൻജനക്കൂട്ടം,​ കടയുടമകൾക്കെതിരെ കേസ്

Monday 09 March 2026 2:53 AM IST

കോഴിക്കോട്: 'ഒരു രൂപ നോട്ടുമായി ആദ്യമെത്തുന്ന നൂറുപേർക്ക് 1000-2000 രൂപ വിലയുള്ള ഷൂ, പിന്നീടെത്തുന്ന 100 പേർക്ക് 2000 രൂപയുടെ വാച്ച്". ചെരുപ്പുകടയുടെ ഉദ്ഘാടന ഓഫർ കണ്ട് പുലർച്ചെ മൂന്നുമുതൽ ഇരച്ചെത്തിയ ആയിരങ്ങൾക്ക് കിട്ടിയത് പൊലീസിന്റെ 'ലാത്തിയടി സമ്മാനം". തിരക്ക് നിയന്ത്രണാതീതമായി ഉന്തുംതള്ളുമുണ്ടായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. കടയുടമകളെ കസ്റ്റഡിയിലെടുത്തു.

കട നടത്തിപ്പുകാരായ മലപ്പുറം സ്വദേശികളായ ടി. ജംഷീർ (20), എൻ.പി. മുഹമ്മദ് മുൻസിഫ് (22), പി. മുഹമ്മദ് സഫ്‌വാൻ (21), ടി.കെ. മുഹമ്മദ് ഫർഷാദ് (24), ആസിഫ് ഷഹീർ (22), പി. മുഹമ്മദ് ഷഹീർ (22), മുഹമ്മദ് ഷബീബ് (26) എന്നിവരെയാണ് മതിയായ സുരക്ഷയൊരുക്കാതെ ആൾക്കൂട്ടത്തെ വിളിച്ചുവരുത്തിയതിന് കസ്റ്റഡിയിലെടുത്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. തുറന്ന കട ഉടൻ അടപ്പിച്ചു.

മാനാഞ്ചിറ വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ട്രെൻഡ് ഫാക്ടറി എന്ന ചെരുപ്പുകടയുടെ ഓഫർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മംഗലാപുരം, വയനാട്, മലപ്പുറം, കാസർകോട്, തൃശൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്ന് വിദ്യാർത്ഥികളും യുവാക്കളുമടക്കം എത്തിയത്. ശനിയാഴ്ച രാത്രിയെത്തിയവരുമുണ്ടായിരുന്നു.

രാവിലെ പത്തിന് കടയുടെ ഉദ്ഘാടനസമയത്ത് ഷൂ നൽകുമെന്നായിരുന്നു വാഗ്ദാനം. കട തുറന്നപ്പോൾ യുവാക്കൾ ഇരച്ചുകയറിയതോടെയാണ് പൊലീസ് ലാത്തിവീശിയത്. തിക്കുംതിരക്കുമുണ്ടാക്കിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന 100പേർക്കെതിരെയും ടൗൺ പൊലീസ് കേസെടുത്തു. അതേസമയം, വേണ്ടപ്പെട്ടവർക്ക് പുലർച്ചെ അഞ്ചരയ്ക്ക് ഷൂ വിതരണം ചെയ്തുവെന്ന് ചിലർ ആരോപിച്ചു.