ദിവസം ഒന്നിലധികം പടിപൂജ പറ്റില്ല, ഗ്രൂപ്പായി നടത്താമെന്ന് ശബരിമല
പത്തനംതിട്ട: ശബരിമലയിൽ ഒരു ദിവസം ഒന്നിലധികം പടിപൂജ നടത്താൻ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. അതേസമയം, ഒരു ദിവസത്തെ പടിപൂജയ്ക്ക് ഒന്നിലധികം വഴിപാടുകാരെ ഉൾപ്പെടുത്താനാകും. കൂടിയാലോചനയിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും തന്ത്രി കേരളകൗമുദിയോട് പറഞ്ഞു.
ആചാരപരമായ തടസമില്ലെങ്കിൽ ദിവസവും ഒന്നിലധികം പടിപൂജ നടത്താനാകുമോ എന്ന് തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞദിവസം നിർദ്ദേശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു തന്ത്രി. ആചാരകാര്യങ്ങളിൽ മാത്രമാണ് തന്ത്രി എന്ന നിലയിൽ അഭിപ്രായം പറയാൻ കഴിയുക എന്നും കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു.
പടിപൂജ സംബന്ധിച്ച് കോടതി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ദേവസ്വം ബോർഡും തന്നോട് അഭിപ്രായം തേടിയിട്ടില്ല. ഉദയാസ്തമനപൂജ, ഉത്സവബലി, കളഭാഭിഷേകം, സഹസ്രകലശം വഴിപാടുകളും ദിവസം ഒരെണ്ണം മാത്രമാണ് നടത്തുന്നത്. അതേസമയം, ഗണപതിഹോമം ഉൾപ്പടെയുള്ള മറ്റു പൂജകളിൽ നൂറുകണക്കിന് വഴിപാടുകാരെ ഉൾപ്പെടുത്താറുണ്ട്. പടിപൂജയിൽ വഴിപാടുകാരുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യമാകാം കോടതി ഉദ്ദേശിച്ചതെന്നും തന്ത്രി പറഞ്ഞു.
പടിപൂജയ്‌ക്ക് 1,37,900 രൂപ
1,37,900 രൂപയാണ് ദേവസ്വം ബോർഡ് പടിപൂജയ്ക്ക് ഈടാക്കുന്നത്. കൂടാതെ പടി അലങ്കാരം, മേളം, പടിയിൽ പട്ടുചാർത്തൽ, ദക്ഷിണ തുടങ്ങിയവയ്ക്കായി പിന്നെയും വലിയ തുക ചെലവഴിക്കേണ്ടി വരും. ഇപ്പോൾ ബുക്കുചെയ്യുന്നവർക്ക് പത്തുവർഷത്തിലധികം വഴിപാടിനായി കാത്തിരിക്കണം. തീർത്ഥാടനകാലത്ത് മകരവിളക്കിനു ശേഷം അഞ്ചു ദിവസവും മാസപൂജാ വേളകളിലും ഉത്സവകാലത്തും പ്രത്യേക പൂജകൾക്കായി നടതുറക്കുന്ന ദിവസങ്ങളിലും മാത്രമാണ് തന്ത്രിയുടെ കാർമ്മികത്വത്തിൽ പടിപൂജ നടക്കുന്നത്.