ഫൈനലിൽ ലക്ഷ്യയ്ക്ക് ലക്ഷ്യം തെറ്റി
ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ
ബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തോറ്റ് ഇന്ത്യൻ യുവ താരം ലക്ഷ്യ സെൻ. ഇന്നലെ കലാശക്കളിയിൽ ചൈനീസ് തായ്‌പേയ് താരം ലി ചുൻ ഇയോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽക്കുകയായിരുന്നു ലക്ഷ്യ. സ്കോർ : 15-21,20-22. സെമിഫൈനലിനിടെ പരിക്കേറ്റിരുന്ന ലക്ഷ്യ ഇന്നലെ ആദ്യ ഗെയിമിൽ ദുർബലനാ യിരുന്നെങ്കിലും രണ്ടാം ഗെയിമി ലീഡ് നേടിയതാണ്. എന്നാൽ അവസാനഘട്ടത്തിൽ പിടിവിട്ടുപോയി. ഇത് രണ്ടാം തവണയാണ് ലക്ഷ്യ ഇവിടെ റണ്ണേഴ്സ് അപ്പാകുന്നത്.
സെമിഫൈനലിൽ കാനഡയുടെ വിക്ടർ ലായ്‌യെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് ലക്ഷ്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. 21-16 18-21 21-15 എന്ന സ്കോറിനായിരുന്നു ലക്ഷ്യയുടെ വിജയം. ഒരു മണിക്കൂർ 37മിനിട്ട് പൊരുതിയാണ് ലക്ഷ്യ വിക്ടറിനെ കീഴടക്കിയത്. കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് വിക്ടർ ലായ്.
ഇത് രണ്ടാം തവണയാണ് ലക്ഷ്യ ആൾ ഇംഗ്ളണ്ട് ഫൈനലിലെത്തുന്നത്. 2022ൽ ആദ്യം ഫൈനലിലെത്തിയപ്പോൾ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെനോട് തോൽക്കുകയായിരുന്നു.
ഇതിനുമുമ്പ് രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണ് ആൾ ഇംഗ്ളണ്ട് ഓപ്പൺ ചാമ്പ്യന്മാരായിട്ടുള്ളൂ. 1980 ൽ പ്രകാശ് പദുക്കോണാണ് ഈ നേട്ടം കരസ്ഥമാക്കിയ ആദ്യ ഇന്ത്യൻ താരം. ലക്ഷ്യയുടെ മെന്ററായ പദുക്കോൺ 1981ലും ഫൈനലിലെത്തിയിരുന്നെങ്കിലും കിരീടം നേടാനായിരുന്നില്ല. 2001ൽ പുല്ലേല ഗോപിചന്ദാണ് കിരീടം നേടിയ മറ്റൊരു ഇന്ത്യൻ താരം. പ്രകാശ് നാഥ്, സൈന നെഹ്‌വാൾ എന്നീ ഇന്ത്യൻ താരങ്ങൾ ഇവിടെ റണ്ണേഴ്സ് അപ്പായിട്ടുണ്ട്.