സ്വർണക്കൊള്ള: നേരറിയാൻ മലകയറുമോ സി.ബി.ഐ
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക പൊലീസ് സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുക്കുകയും മറ്റൊരു സിംഗിൾ ബെഞ്ച് നിശിതമായി വിമർശിക്കുകയും ചെയ്തിരിക്കെ കേസിൽ വരും ദിവസങ്ങൾ നിർണായകമാകും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹർജികൾ 13നും എസ്.ഐ.ടി അന്വേഷണ പുരോഗതി റിപ്പോർട്ട് 26നും ഹൈക്കോടതിയുടെ പരിഗണനയ്‌ക്കു വരും. ഈ മാസം 31നകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് എസ്.ഐ.ടിയുടെ ഉറപ്പ്.
രണ്ടംഗ ദേവസ്വം ബെഞ്ചിനാണ് എസ്.ഐ.ടി അന്വേഷണത്തിന്റെ മേൽനോട്ടം. പ്രതികളുടെ ജാമ്യഹർജികൾ പരിഗണിച്ച സിംഗിൾ ബെഞ്ചാണ് കടുത്ത വിമർശനം ഉന്നയിച്ചത്. എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിലിറങ്ങിയതും ചിലരുടെ അറസ്റ്റ് വൈകിപ്പിച്ചതും മുൻനിർത്തിയായിരുന്നു ഇത്. എന്നാൽ കേസിന്റെ സങ്കീർണത ചൂണ്ടിക്കാട്ടി ദേവസ്വം ബെഞ്ച് കാലതാമസത്തെ ന്യായീകരിച്ചു.
സൂക്ഷ്മമായ തെളിവുകൾ ശാസ്ത്രീയ പരിശോധനകളിലൂടെ ശേഖരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ വിചാരണയെ ബാധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. സി.ബി.ഐയിൽ പ്രവർത്തിച്ചു പരിചയമുള്ളവരും എസ്.ഐ.ടിയിലുണ്ട്. സി.ബി.ഐയിലെ പലരും കേരള പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോയവരല്ലേയെന്ന് ചോദിക്കുകയും ചെയ്തിരുന്നു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വിശ്വഹിന്ദു പരിഷത്തും ഉൾപ്പെടെയാണ് സി.ബി.ഐ അന്വേഷണത്തിന് ഹർജി നൽകിയിരിക്കുന്നത്. ഇതിൽ സി.ബി.ഐയുടെ നിലപാട് തേടിയിട്ടുണ്ട്. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് എസ്.ഐ.ടി അന്വേഷണം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സവിശേഷ സാഹചര്യത്തിലാണ് തുടർ നിയമനടപടികൾ.
സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡിയും പിടിമുറുക്കിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ഓരോരുത്തരെയായി ചോദ്യം ചെയ്തു. നടൻ ജയറാമിൽ നിന്ന് മൊഴിയെടുത്തു. തന്ത്രിക്ക് നോട്ടീസുമുണ്ട്. എസ്.ഐ.ടി പ്രതിപ്പട്ടിയിലുള്ളതിന്റെ ഇരട്ടിയാളുകൾ ഇ.ഡി ലിസ്റ്റിലുണ്ട്.
ജംഷഡ്പൂർ ഫലം
നിർണായകം
ശബരിമലയിലെ ഒറിജിനൽ സ്വർണപ്പാളികൾ അപ്പാടെ മാറ്റിയിരിക്കുമെന്ന കോടതിയുടെ സംശയത്തിന് വി.എസ്.എസ്.സിയിലെ പരിശോധനയിൽ ഉത്തരമായിരുന്നില്ല. അന്വേഷണ സംഘം പുതിയ സാമ്പിളുകളെടുത്ത് ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള പരിശോധനാ ഫലം നിർണായകമാവും. പ്രതികളുടെ പഴയ ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലുമാണ് എസ്.ഐ.ടി.