സഞ്ജു ഉയിർത്തെണീറ്റ ലോകകപ്പ്
ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ടീമിൽ വന്നും പോയുമിരുന്ന സഞ്ജു സാംസൺ ഒരൊറ്റ മികച്ച ഇന്നിംഗ്സിലൂടെ ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിദ്ധ്യമായി മാറിയതാണ് ഈ ലോകകപ്പിന്റെ പ്രത്യേകത. ക്വാർട്ടർ ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന വിൻഡീസിനെതിരായ മത്സരത്തിൽ 50 പന്തുകളിൽ 12 ബൗണ്ടറികളുടേയും നാലു സിക്സുകളുടേയും അകമ്പടിയോടെ സഞ്ജു പുറത്താകാതെ നേടിയ 97 റൺസായിരുന്നു കരിയറിലെ വഴിത്തിരിവ്. ആ ഇന്നിംഗ്സ് നൽകിയ ആത്മവിശ്വാസത്തിൽ നിന്നായിരുന്നു സെമിയിൽ ഇംഗ്ളണ്ടിന് എതിരായ അർദ്ധസെഞ്ച്വറി പിറന്നത്. 42 പന്തുകളിൽ ഏഴു സിക്സുകളും എട്ടുഫോറുകളമടക്കം നേടിയ 89 റൺസാണ് സെമിയിൽ ഇംഗ്ളണ്ടിനെതിരെ നേടിയത്.
ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പ്ളേയർ ഒഫ് ദ ടൂർണമെന്റ് പുരസ്കാരത്തിന് ഐ.സി.സി പുറത്തിറക്കിയ എട്ടുപേരുടെ സാദ്ധ്യതാപ്പട്ടികയിൽ ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസൺ മാത്രമാണുള്ളത്. സെമിവരെ നാലു മത്സരങ്ങളിൽ മാത്രം അവസരം ലഭിച്ച സഞ്ജു നേടിയത് 232 റൺസാണ്.
അസാമാന്യ പ്രതിഭയുണ്ടായിട്ടും ഇന്ത്യൻ ക്രിക്കറ്റിൽ ഒന്നുമാകാതെപോയവർ നിരവധിയാണ്. അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ കഴിയാതെപോയവരുടേയും യോഗ്യതയുണ്ടായിട്ടും വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയവരുടെയും നീണ്ട നിരയിലേക്ക് മലയാളി താരം സഞ്ജു സാംസണിന്റേയും പേര് എഴുതിച്ചേർക്കേണ്ടിവരുമോ എന്ന് സന്ദേഹിച്ച വേളയിലാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ ആ മനോഹര ഇന്നിംഗ്സ് പിറന്നത്.
ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുമ്പോൾ സഞ്ജുവായിരുന്നു ഓപ്പണറും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും. എന്നാൽ ലോകകപ്പിന് മുമ്പ് ന്യൂസിലാൻഡിനെതിരെയുള്ള അഞ്ച് മത്സരപരമ്പരയിൽ പരാജയപ്പെട്ടതോടെ ഇഷാൻ കിഷൻ ഓപ്പണറും വിക്കറ്റ് കീപ്പറുമായി. സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടിയും വന്നു. അഭിഷേകിന് അസുഖമായപ്പോൾ ഒരു കളിയിൽ അവസരം ലഭിച്ചെങ്കിലും എട്ടുപന്തുകളിൽ 22 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സൂപ്പർ എട്ട് മത്സരത്തിന് മുമ്പ് സഞ്ജുവിനെ കളിപ്പിക്കുന്നതിനെക്കുറിച്ച് ചോദിച്ച പത്രലേഖകനോട് ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് തിരിച്ചുചോദിച്ചത് ഏത് പൊസിഷനിൽ താൻ സഞ്ജുവിനെ കളിപ്പിക്കണമെന്നാണ്. അഭിഷേക് ശർമ്മയുടെ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കണമോ?തിലക് വർമ്മയുടെ സ്ഥാനത്ത് കളിപ്പിക്കണമോ എന്നൊക്കെ അൽപ്പം പരിഹാസം കലർന്ന രീതിയിൽ ചോദിച്ച അതേ സൂര്യകുമാർ യാദവാണ് ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് മടങ്ങിവന്ന സഞ്ജു സാംസണെ തന്റെ തലയിലെ തൊപ്പിയൂരി മുന്നോട്ടുവച്ച് ശിരസ് നമിച്ച് സ്വീകരിച്ചത്.