പൊട്ടിയൊഴുകി കുടിവെള്ളം, പെട്ടുപോകുന്നു നാട്!

Monday 09 March 2026 12:51 AM IST

വാട്ടർ അതോറിട്ടി അധികൃതർ അനങ്ങുന്നില്ല

കൊല്ലം: വേനൽ കടുത്തതോടെ ജി​ല്ലയി​ൽ കുടിവെള്ളക്ഷാമം അതി രൂക്ഷമാകുന്ന സാഹചര്യമായി​ട്ടും വാട്ടർ അതോറിട്ടി​ അധികൃതർ അനങ്ങുന്നി​ല്ല. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന പ്രദേശങ്ങളി​ൽപ്പോലും ഇടപെടൽ ഉണ്ടാവുന്നി​ല്ലെന്നാണ് പരാതി​.

ജില്ലയിൽ കുണ്ടറ, പെരിനാട്, നല്ലില, കുളക്കട, അഞ്ചാലുംമൂട് എന്നിവിടങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഇതിൽ പലേടങ്ങളി​ലും ഒരാഴ്ചയിലധികമായി ഇതാണ് അവസ്ഥ. പൊട്ടലുകൾ തുടർക്കഥയായിട്ടും അറ്റകുറ്റപ്പണികൾ നീണ്ടുപോകുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വാട്ടർ അതോറിട്ടി​യെ കാത്തി​രി​ക്കാതെ നാട്ടുകാർ സ്വന്തം ചെലവി​ൽ അറ്റകുറ്റപ്പണി നടത്തി​ കുടി​വെള്ള വി​തരണം പുന:സ്ഥാപി​ച്ച പ്രദേശങ്ങളുമുണ്ട്.

​നഗരപ്രദേശങ്ങളിലും പ്രധാന റോഡുകളിലും പൈപ്പ് പൊട്ടൽ റിപ്പോർട്ട് ചെയ്താൽ ഉടൻ നടപടി സ്വീകരിക്കുന്ന വാട്ടർ അതോറിട്ടി​, ഗ്രാമങ്ങളോടും ഉൾപ്രദേശങ്ങളോടും കടുത്ത വി​വേചനം കാട്ടുന്നുവെന്നും ആരോപണമുണ്ട്. പഞ്ചായത്തുകളിലെ ഇടറോഡുകളിൽ മാസങ്ങൾക്കു മുമ്പ് തകർന്ന പൈപ്പുകളും അതേപടി​ കി​ടക്കുന്നുണ്ട്. കുടിവെള്ള വിതരണം വാട്ടർ അതോറിട്ടി​യുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾ ഒഴി​ഞ്ഞുമാറുന്ന സാഹചര്യവുമുണ്ട്.

ഉയർന്ന പ്രദേശങ്ങളിൽ വറുതി

 ​ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ പോലും വെള്ളം കിട്ടാത്ത അവസ്ഥ

 ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ നടപടിയില്ല

 നിലവിലുള്ള പൈപ്പ് ലൈനുകളിലെ തകരാറുകൾ പരിഹരിക്കപ്പെടുന്നില്ല

 ഓരോ തുള്ളിയും വിലപ്പെട്ട വേനലിലെ ജലനഷ്ടം അധികൃതർ അവഗണിക്കുന്നു

 പരാതിക്കാരെ ഗൗനിക്കാത്ത സമീപനം

ഫോൺ എടുക്കാൻ ആളില്ല

വാട്ടർ അതോറിട്ടി ഓഫീസുകളിലെ ഫോൺ സംവിധാനങ്ങൾ പ്രഹസനമായി. ഓഫീസിലേക്ക് വിളിച്ചാൽ മിക്കപ്പോഴും മറുപടി ലഭിക്കാറില്ല. അപൂർവ്വമായി ഫോൺ എടുത്താൽ തന്നെ, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തില്ലെന്നോ ഉടൻ ശരിയാക്കാമെന്നോ ഉള്ള സ്ഥിരം പല്ലവിയാണ് കേൾക്കുന്നത്. ഫോൺ എടുക്കാത്ത സാഹചര്യങ്ങളിൽ വണ്ടിക്കൂലി ചെലവാക്കി ഓഫീസിൽ എത്തി പരാതി പറഞ്ഞാലും സ്ഥിതിക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടാകാറില്ല.