ചൂട് കൂടി, കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം ശനിയാഴ്ച 100 ദശലക്ഷം യൂണിറ്റ് കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കൂടിയതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു.
ഈ വർഷം ഇതാദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം ശനിയാഴ്ച 100 ദശലക്ഷം യൂണിറ്റ് കടന്നു. പീക്ക് സമയത്തെ ഉപയോഗം 5038 മെഗാവാട്ടിലേക്കും ഉയർന്നു. 2024 ഏപ്രിൽ മൂന്നിനാണ് സംസ്ഥാനത്ത് റെക്കാഡ് പ്രതിദിന ഉപയോഗമുണ്ടായത്. 115.94 ദശലക്ഷം യൂണിറ്റ്. 2024ലെ വേനൽക്കാലത്ത് ഉപയോഗം കുതിച്ചുയർന്നതോടെ വൈദ്യുതി മുടക്കമടക്കം ഗുരുതര സാഹചര്യമുണ്ടായി.
പീക്ക് സമയത്ത് വലിയതോതിൽ ഉപഭോഗം ഉയരുന്നത് വിതരണശൃംഖലയെ പ്രതിസന്ധിയിലാക്കും. വിവിധ കരാറുകൾ വഴി പുറത്തുനിന്ന് വാങ്ങുന്നതിനാൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകില്ല. എന്നാൽ, ഇത് സുഗമമായി വിതരണം ചെയ്യാനുള്ള ശേഷിയാണ് പ്രശ്‌നമാവുന്നത്. അതേസമയം, കൂടുതൽ ട്രാൻസ്‌ഫോർമറുകൾ പുതുതായി സ്ഥാപിച്ചതടക്കം ക്രമീകരണങ്ങൾ സമീപകാലത്ത് വരുത്തിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ. എന്നാൽ, ഉപഭോഗം നിയന്ത്രണാതീതമായാൽ സ്ഥിതിഗതികൾ രൂക്ഷമായേക്കാം.
ഉത്പാദനം, ഉപഭോഗം
(ശനിയാഴ്ചത്തേത്
ദശലക്ഷം യൂണിറ്റിൽ)
28.7612 ആകെ ആഭ്യന്തര
ഉത്പാദനം
26.7641 ജലവൈദ്യുതി ഉത്പാദനം
71.6414 പുറത്തുനിന്നും വാങ്ങിയത്
100.4026 ശനിയാഴ്ചത്തെ ഉപഭോഗം