ഇടുക്കിയിൽ 31 റൂട്ടുകളിൽ അവകാശമുന്നയിച്ച് കെ.എസ്.ആർ.ടി.സി
Monday 09 March 2026 1:30 AM IST
തിരുവനന്തപുരം: ഇടുക്കിയിലെ ദേശസാൽകൃത റൂട്ടുകളിൽ അവകാശവാദം ഉന്നയിച്ച് കെ.എസ്.ആർ.ടി.സി ഇടുക്കി ആർ.ടി.ഒയ്ക്ക് കത്ത് നൽകി. ഇതോടെ ഇവിടത്തെ 31 ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള നീക്കം തടയപ്പെട്ടു.
ഹൈക്കോടതി ഉത്തരവ് പ്രകാരം ദേശസാൽകൃതറൂട്ടുകൾ കെ.എസ്.ആർ.ടി.സിക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ചാണ് ശനിയാഴ്ച കത്ത് നൽകിയത്. അന്തിമ തീരുമാനം ഇന്നുണ്ടേയേക്കും.
ഇടുക്കിയിൽ പെർമിറ്റ് നേടിയാൽ മറ്റു ജില്ലകളിലും ദീർഘദൂര പെർമിറ്റുകൾ നേടാൻ സ്വകാര്യബസുകൾക്ക് വഴിയൊരുങ്ങുമെന്ന് മനസിലാക്കിയാണ് കെ.എസ്.ആർ.ടി.സി രംഗത്തെത്തിയത്. കെ.എസ്.ആർ.ടി.സി അവകാശപ്പെട്ടില്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാമെന്നാണ് ഹൈക്കോടതി വിധി. ഇത് മുതലെടുത്ത് കെ.എസ്.ആർ.ടി.സിയെ പിന്തിരിപ്പിക്കാൻ വൻ സമ്മർദ്ദമുണ്ടായിരുന്നു.