മമ്മൂട്ടി-റഫീഖ് വിവാദം രമ്യതയിലേക്ക്

Monday 09 March 2026 1:32 AM IST

കൽപ്പറ്റ:നടൻ മമ്മൂട്ടിയും സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖും തമ്മിലുള്ള വിവാദം രമ്യതയിലേക്ക്.റഫീഖിനെ മമ്മൂട്ടി ഇന്നലെ വീഡിയോ കോളിൽ വിളിച്ചതോടെയാണിത്.

വയനാട് ടൗൺഷിപ്പ് സന്ദർശിക്കാനെത്തിയ മമ്മൂട്ടി റഫീഖിനോട് അൽപം മാറി നിൽക്കാൻ പറഞ്ഞതിനെച്ചൊല്ലി സമൂഹ്യ മാദ്ധ്യമങ്ങളിലും ഇടത് സൈബർ ഹാൻഡിലും വ്യാപകമായ ആക്രമണം നടന്നിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിക്ക് മുകളിലല്ല മെഗാസ്റ്റാർ. അത് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായാലും എന്ന് തുടങ്ങുന്ന തരത്തിലായിരുന്നു സൈബർ ആക്രമണം.മന:പൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി റഫീക്കിനോട് പറഞ്ഞു. സൗഹൃദ സംഭാഷണമായി കണക്കാക്കിയാൽ മതി. താങ്കളോട് മാത്രമായി പറഞ്ഞതാണ്. അതെങ്ങനെ പുറത്തു വന്നെന്നറിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അവസാനിച്ചെന്ന് റഫീഖും പറഞ്ഞു. ശനിയാഴ്ച വയനാട് ടൗൺഷിപ്പ് സന്ദർശിക്കവെ, 'നിങ്ങൾ എപ്പോഴും എന്റെ കൂടെ എന്തിനാണ് നിൽക്കുന്നത്.ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് വിചാരിക്കും'.എന്നാണ് റഫീഖിനോട് മമ്മൂട്ടി പറഞ്ഞത്. പൊതുപ്രവർത്തകനെന്ന നിലയ്ക്ക് ടൗൺഷിപ്പിൽ വരുന്നവരെ സ്വീകരിക്കുന്നത് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്ന് മമ്മൂട്ടി സൂചിപ്പിച്ചു. ദുരന്ത ജീവിതം താറുമാറാക്കിയ പ്രിയപ്പെട്ടവരുടെ പുഞ്ചിരിയാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന് റഫീഖ് പറഞ്ഞു.

മുണ്ടക്കൈ ചൂരൽമല ദുരന്തം നടക്കുമ്പോൾ കെ.റഫീഖ് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറിയായിരുന്നു. അന്ന് മുതൽ ദുരന്ത മുഖത്ത് ഉരുളിൽ പൂണ്ടവരെ പുറത്തെടുക്കുന്നത് ഉൾപ്പെടെയുളള രക്ഷാ പ്രവർത്തനത്തിന് പുറമെ ആക്രി പെറുക്കിയും ബിരിയാണി ചലഞ്ച് നടത്തിയും മറ്റുമാണ് ഉരുൾ ദുരതബാധിതരെ ചേർത്ത് പിടിക്കാൻ റഫീക്കും

സംഘവും സജീവമായി രംഗത്തിറങ്ങിയത്. നൂറ് വീട് ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുകയും ചെയ്തു.