കിലോയ്ക്ക് 35 രൂപയുടെ സാധനം രൂപം മാറി എത്തുമ്പോൾ 200 രൂപ വരെ, ഒരു ദിവസം കൊണ്ട് നേടാം പതിനായിരങ്ങൾ

Monday 09 March 2026 4:33 AM IST

തൊടുപുഴ: തമിഴ്നാട്ടിൽ നിന്നും പച്ചകപ്പ വ്യാപകമായി വിപണിയിലെത്താൻ തുടങ്ങിയതോടെ കളം മാറ്റിപ്പിടിച്ച് ജില്ലയിലെ കപ്പ കർഷകർ. വിൽക്കാനുളള തയ്യാറെടുപ്പിൽ ഇതിനോടകം വിളവെടുക്കാൻ പാകമായ കപ്പ ഭൂരിപക്ഷവും ഉണക്കിവാട്ടിക്കഴിഞ്ഞു. നാട്ടിൽ വിളവെടുപ്പ് വ്യാപകമായതിനൊപ്പം അതിർത്തി കടന്നുള്ള വരവും സുലഭമായതോടെ വില ഇടിയുമെന്ന ഭീതിയും ഇതിന് കാരണമാണ്. നിലവിൽ 35 രൂപയാണ് വിപണി വില. ഹൈറേഞ്ച് മേഖലയിൽ വാട്ട് കപ്പയ്ക്കും ലോറേഞ്ചിൽ പച്ച കപ്പയ്ക്കുമാണ് കൂടുതൽ ആവശ്യക്കാർ.

ഉണക്ക്കപ്പയ്ക്ക് വിപണിയിൽ നല്ല വില

ഉണക്ക് കപ്പ കിലോയ്ക്ക് 90 - 110 രൂപയാണ് വില. പത്ത്കിലോ വിറ്രാൽ 800 - 1100 രൂപവരെ കിട്ടും. എന്നാൽ പച്ചകപ്പയ്ക്ക് ലഭിക്കുന്നതാകട്ടെ പരമാധി 300 - 350 രൂപയാണ്. മഴക്കാലമായാൽ സീസൺ അവസാനിക്കുന്നതോടെ ഉണക്ക് കപ്പയ്ക്ക് വില ഉയരും. ഇത് കർഷകർക്കും ലാഭമാണ്. ഇത് മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കം. വേനൽചൂട് കപ്പയുണങ്ങാൻ അനുയോജ്യമാണെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ പലപ്പോഴും ഭീഷണിയാണ്.

 ഡ്രയർ റെഡിയാണ്

കപ്പ വാട്ടി ഉണക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി ഡ്രയർ സംവിധാനമുണ്ട്. ഒരുകിലോ കപ്പ ഉണങ്ങുന്നതിന് 15 രൂപയാണ് കൂലി. കപ്പ പറിച്ച് സ്വയം വാട്ടി ഉണക്കിയാൽ പണിക്കൂലിയും വാഹനവാടകയും കഴിഞ്ഞാൽ ഒന്നുമില്ലാത്ത അവസ്ഥയാണ്. മുൻപ് വീട്ടുകാരും അയൽവാസികളും ബന്ധുക്കളുമൊക്കെ ചേർന്ന് ആഘോഷമാക്കിയിരുന്ന കപ്പ വാട്ട് ഇപ്പോൾ കൂലിയ്ക്ക് തൊഴിലാളികളെ നിർത്തിയാണ് ചെയ്യുന്നത്. ഇത് വണ്ടിയിൽ പറിച്ച് കയറ്റുന്നതിന് മാത്രം 1200 രൂപ കൂലി നൽകണം. വാട്ട്കൂലി 1000വും ചെലവുമാണ്. തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിസന്ധിയാണ്. ഇത്തവണ ഉണങ്ങുന്നതിന് അനുയോജ്യമായ കാലാവസ്ഥയായിരുന്നതിനാൽ മിക്ക കർഷകരും കപ്പ ഉണക്കി. ഏറെനാളുകൾക്ക് ശേഷമാണ് വിപണിയിൽ ഇത്രയും ഡിമാൻഡ്. വ്യാപകമായി കൃഷിചെയ്യുന്നവർ ഡ്രയറിനെയാണ് ആശ്രയിക്കുന്നതെങ്കിലും ചെറുകിട കർഷകരുടെ കപ്പ പ്രാദേശികമായി വ്യാപാരികൾ തുക പറഞ്ഞ് അടങ്കലെടുക്കുന്ന രീതിയും വ്യാപകമാണ്.

''കപ്പ ഉണക്കിശേഖരിയ്ക്കുന്നതാണ് കർഷകർക്ക് ഗുണകരം. കിലോവില 200വരെ എത്താൻ സാദ്ധ്യതയുണ്ട് '' -

ആന്റണി കണ്ടിരിക്കൽ ( കാഡ്സ് പ്രസിഡന്റ് )