പിച്ചിലെ മണ്ണിനെ ആദ്യം തൊട്ടുവണങ്ങി, ശേഷം നെറ്റിയിൽ തൊട്ട് ക്യാപ്റ്റൻ സൂര്യ, വെറൈറ്റി വിജയാഘോഷം
അഹമ്മദാബാദ്: ന്യൂസിലാൻഡിനെ 96റൺസിന് തോൽപ്പിച്ച് ഇന്ത്യ 2026 ട്വന്റി20 ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കിയത് കഴിഞ്ഞദിവസമാണ്. വിജയം കരസ്ഥമാക്കിയ പിച്ചിലെ മണ്ണ് നെറ്റിയിൽ തൊട്ടാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തന്റെ ആഘോഷം നടത്തിയത്.
മുൻപ് 2024 ലോകകപ്പ് സ്വന്തമാക്കിയ അന്നത്തെ നായകൻ രോഹിത്ത് ശർമ്മയുടേതിന് സമാനമായ ഒരാഘോഷമായിരുന്നു ഇത്. ബാർബഡോസ് കെൻസിംഗ്‌ടൺ ഓവലിലെ പിച്ചിലെ മണ്ണ് ഒരൽപം എടുത്ത് കഴിച്ചാണ് രോഹിത്ത് അന്ന് ആഘോഷിച്ചത്. ഇന്നലെ കിരീടം നേടി ആഘോഷം കഴിഞ്ഞ ശേഷം നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിലെത്തിയ സൂര്യ ആദ്യം പിച്ചിനെ തൊട്ട് വണങ്ങുകയും ശേഷം മണ്ണെടുത്ത് ഭസ്‌മം പൂശും പോലെ നെറ്റിയിൽ തൊടുകയുമായിരുന്നു.
Welcome to the 🏆 club, Captain 🇮🇳❤️ pic.twitter.com/FhuwWXVWS1
— Rajasthan Royals (@rajasthanroyals) March 8, 2026
ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഒരു ടീം തുടർച്ചയായി ലോകകപ്പ് ജയിക്കുന്നത്. ഏറെ വൈകാരികമായ വിജയം നേടിയ ഇന്ത്യയുടെ ടോപ് സ്‌കോററായ മലയാളി താരം സഞ്ജു സാംസണാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ചേട്ടാ എന്ന് വിളിച്ച് അഭിസംബോധന ചെയ്‌താണ് സഞ്ജുവിനെ സൂപ്പർതാരം കൊഹ്‌ലി അഭിനന്ദിച്ചത്. സച്ചിന്റെ ഉപദേശമാണ് തന്റെ പ്രകടനത്തെ സ്വാധീനിച്ചതെന്ന് അവാർഡ് വാങ്ങിയശേഷം സഞ്ജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.