കേരളത്തിന്റെ പുത്രന് സംസ്ഥാനത്തിന്റെ ആദരം; സഞ്ജുവിന് തലസ്ഥാനത്ത് സർക്കാർ ഒരുക്കുന്നത് ഗംഭീര സ്വീകരണം

Monday 09 March 2026 11:53 AM IST

തിരുവനന്തപുരം: ട്വന്റി-20 ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഗംഭീര സ്വീകരണം നൽകും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സഞ്ജുവിനെ ആദരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സഞ്ജു കേരളത്തിന്റെ പുത്രനും അഭിമാനവുമാണെന്ന് മന്ത്രി പറഞ്ഞു. കരിയറിൽ പലപ്പോഴും മാറ്റിനിർത്തപ്പെട്ടപ്പോഴും തളരാതെ പോരാടിയ സഞ്ജുവിന്റെ കഠിനാധ്വാനത്തെയും അദ്ദേഹം പ്രശംസിച്ചു.

'പലപ്പോഴും ടീമിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും തന്റെ കഠിനാധ്വാനത്തിലൂടെ ലോകത്തിന്റെ മുഴുവൻ പ്രശംസ പിടിച്ചുപറ്റാൻ സഞ്ജുവിന് കഴിഞ്ഞു. സഞ്ജുവിനായി അർഹമായ രീതിയിലുള്ള വലിയൊരു സ്വീകരണമായിരിക്കും സർക്കാർ ഒരുക്കുക.'മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്വീകരണത്തിന്റെ കാര്യം നേരിട്ട് അറിയിക്കുന്നതിനായി മന്ത്രി ഇന്ന് സഞ്ജുവിന്റെ പിതാവിനെ കാണും. സഞ്ജുവിന്റെ പേഴ്സണൽ അസിസ്റ്റന്റിനെ വിവരം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.