പ്രവാസികൾക്ക് ആശങ്കയായി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന; നാടുകടത്തിയത് പതിനായിരത്തോളം പേരെ
റിയാദ്: സൗദി അറേബ്യയിൽ നിയമലംഘനത്തിന് ഒരാഴ്‌ചയ്ക്കുള്ളിൽ പിടിയിലായത് 21,022 പേർ. ഇഖാമ (താമസാനുമതി), തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാച്ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെ കണ്ടെത്താനായി സൗദി ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപനത്തോടെയാണ് പരിശോധന നടന്നത്.
താമസ നിയമം ലംഘിച്ചതിന് 15,038 പേരും അതിർത്തി സുരക്ഷാച്ചട്ടങ്ങൾ ലംഘിച്ചതിന് 3,484 പേരും തൊഴിൽ നിയമം ലംഘിച്ചതിന് 2,500 പേരുമാണ് പിടിയിലായത്. അനധികൃതമായി രാജ്യത്തേയ്ക്ക് കടക്കാൻ ശ്രമിച്ചതിന് 1,466 പേരും പിടിയിലായി. അതിർത്തി കടന്ന് പുറത്തുപോകാൻ ശ്രമിച്ചതിന് 33 പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. നിയമലംഘകർക്ക് താമസ സൗകര്യവും യാത്രാസൗകര്യവുമൊരുക്കിയതിന്റെ പേരിൽ 15 പേർക്കെതിരെയും നടപടിയെടുത്തു.
നിലവിൽ നിയമലംഘനങ്ങൾക്ക് 21,178 പേരാണ് നടപടികൾക്ക് വിധേയരാകുന്നത്. ഇതിൽ 19,665 പുരുഷന്മാരും 1,513 സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ യാത്രാരേഖകൾ ശരിയാക്കുന്നതിനായി 13,854 അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയത്തിലേയ്ക്ക് റഫർ ചെയ്തു. 2,187 പേരുടെ യാത്രാനടപടികൾ പൂർത്തീകരണ ഘട്ടത്തിലാണ്. കഴിഞ്ഞ ഒരാഴ്‌ചമാത്രം നാടുകടത്തപ്പെട്ടത് 8,511 പേരാണ്.