മുതലാളി സഞ്ജുവിന്റെ കട്ട ഫാൻ; ഇന്ത്യ കപ്പടിച്ചതോടെ ജീവനക്കാർക്കെല്ലാം 2,000 രൂപ വീതം നൽകി, സംഭവം കോട്ടയത്ത്

Monday 09 March 2026 12:07 PM IST

കോട്ടയം: ഈ ലോകകപ്പിലെ തന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയുമായി സഞ്ജു സാംസൺ ഇന്ത്യയുടെ കിരീ‌ടസ്വപ്നം സഫലമാക്കുന്നതിൽ മുന്നണിപ്പോരാളിയായി. ഇന്ത്യയുടെ ഈ വിജയം കോട്ടയം പാമ്പാടി ഫിയർ ഗാർമെന്റ്‌സിൽ കുറച്ചുകൂടി സ്‌‌പെഷ്യലാണ്.

സഞ്ജു സാംസണിന്റെ കട്ട ഫാനായ കടയുടമ നിതിൻ ബാബു ഇന്ത്യ ജയിച്ചതോടെ 2,000 രൂപ വീതമാണ് ജീവനക്കാർക്ക് സമ്മാനമായി നൽകിയത്. ഒന്നും രണ്ടും തൊഴിലാളികൾക്കല്ല 63 പേർക്കാണ് ഇത് ലഭിച്ചത്. ക്വാർട്ടർ ഫെെനലിൽ സഞ്ജു പ്ളേയർ ഒഫ് ദ മാച്ച് ആകുകയും ഇന്ത്യ ജയിക്കുകയും ചെയ്തതോടെ കടയിലെ എല്ലാ ജീവനക്കാർക്കും 500 രൂപ സമ്മാനം നൽകിയിരുന്നു. സെമി ഫെെനലിന്റെ സമയത്ത് 1000 രൂപയും നൽകിയിരുന്നു.

അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഉയർത്തിയത് 255/5 എന്ന ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന സ്കോർ ആയിരുന്നു. സഞ്ജു സാംസൺ (46 പന്തുകളിൽ എട്ടുഫോറും അഞ്ചുസിക്സുമടക്കം 89 റൺസ് ), അഭിഷേക് ശർമ്മ (21 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം 52 റൺസ് ), ഇഷാൻ കിഷൻ (25 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 54 റൺസ്) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ നൽകിയത്. സഞ്ജുവും ഇഷാനും സൂര്യയും ഒരേ ഓവറിൽ പുറത്തായതിന് ശേഷം ഇന്ത്യയൊന്ന് പതറിയില്ലായിരുന്നെങ്കിൽ ടീം സ്കോർ 300ലെത്തിയേനെ. എങ്കിലും ഹാർദിക് പാണ്ഡ്യയും (18) ശിവം ദുബെയും (26 നോട്ടൗട്ട്) ചേർന്ന് 255ലെത്തിച്ചു.

മറുപടിക്കിറങ്ങിയ കിവീസിന് 47 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായതോടെതന്നെ കളിയുടെ ഗതി വ്യക്തമായിരുന്നു. അർദ്ധസെഞ്ച്വറി നേടിയ ടിം സീഫർട്ട് (52), ക്യാപ്ടൻ മിച്ചൽ സാന്റ്നർ (43) എന്നിവർ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റുമായി ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റുമായി അക്ഷർ പട്ടേലും കളം നിറഞ്ഞതോടെ കിവീസ് ഛിന്നഭിന്നമായി. ബുംറ പ്ളേയർ ഒഫ് ദ ഫൈനലായിപ്പോൾ സഞ്ജു പ്ളേയർ ഒഫ് ദ ടൂർണമെന്റായി.