സഞ്ജുവിനെയല്ല; ലോകകപ്പ് വിജയിച്ച ശേഷം 'നാഷണൽ  ട്രഷർ' എന്ന് സൂര്യകുമാർ  യാദവ്  വിളിച്ചത് മറ്റൊരു താരത്തെ

Monday 09 March 2026 12:40 PM IST

അഹമ്മദാബാദ് : ഫൈനലിൽ കിവീസിനെ 96 റൺസിന് തോൽപ്പിച്ച് ട്വന്റി-20 ലോകകപ്പുയർത്തിയിരിക്കുകയാണ് ഇന്ത്യ. അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 255/5 എന്ന സ്കോർ ഉയർത്തിയപ്പോൾ മറുപടിക്കിറങ്ങിയ കിവീസ് 19 ഓവറിൽ 159 റൺസിന് ആൾഔട്ടായി.

സഞ്ജു സാംസൺ (46 പന്തുകളിൽ അഞ്ചു ഫോറും എട്ടു സിക്സുമടക്കം 89 റൺസ്), അഭിഷേക് ശർമ്മ (21 പന്തുകളിൽ ആറുഫോറും മൂന്ന് സിക്സുമടക്കം 52 റൺസ്), ഇഷാൻ കിഷൻ (25 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടക്കം 54 റൺസ്) എന്നിവർ നേടിയ അർദ്ധസെഞ്ച്വറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. നാലുവിക്കറ്റുമായി ബുംറയും മൂന്ന് വിക്കറ്റുമായി അക്ഷർ പട്ടേലും ബൗളിംഗിൽ മിന്നി. ജസ്‌പ്രീത് ബുംറയാണ് ഫൈനലിൽ മാൻ ഒഫ് ദ മാച്ച്. സഞ്ജുവാണ് മാൻ ഒഫ് ദ ടൂർണമെന്റ്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മലയാളിയായ സഞ്ജുവിനെ പ്രശംസിച്ച് വിരാട് കോഹ്ലി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ ക്യാപ്റ്റർ സൂര്യകുമാർ യാദവിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജസ്‌പ്രീത് ബുംറയെ 'നാഷണൽ ട്രഷർ' എന്നാണ് സൂര്യകുമാർ യാദവ് അഭിസംബോധന ചെയ്തത്. 'ഈ തലമുറയിൽ ഇങ്ങനെയൊരു ബൗളർ ഒരാളേ ഉള്ളൂ. അദ്ദേഹത്തെ ഞാൻ 'നാഷണൽ ട്രഷർ' എന്ന് വിളിക്കും. എന്ത് എങ്ങനെ ചെയ്യണമെന്ന് ബുംറയ്ക്ക് അറിയാം. ഈ മേഖലയിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. ഈ വിജയത്തിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.'- സൂര്യകുമാർ യാദവ് പറഞ്ഞു.