വർഷങ്ങളായി 'ഒറ്റപ്പെട്ട് കഴിഞ്ഞ' ആട് പ്രസവിച്ചു

Monday 09 March 2026 5:10 PM IST

ബ്രിട്ടനിലെ ഏറ്റവും ഏകാന്തമായ ആട് എന്ന് അറിയപ്പെടുന്ന ഫിയോണ പ്രസവിച്ചു. ചൊവ്വാഴ്ച രാത്രി ആരോഗ്യമുള്ള രണ്ട് കുട്ടികൾക്കാണ് ഫിയോണ ജന്മം നൽകിയത്. പ്രസവവേദന ആരംഭിച്ച് ഒമ്പത് മണിക്കൂറിനുശേഷമാണ് ഫിയോണ പ്രസവിച്ചതെന്ന് ഡാൽസ്കോൺ ഫാമിന്റെ മാനോജർ പറഞ്ഞു.

2023ലെ സ്കോട്ടിഷ് ഹെെലാൻഡ്സിലെ ക്രോമാർട്ട ഫിൻത്തിനടുത്തുള്ള പാറക്കെട്ടിന്റെ അടിയിൽ നിന്നാണ് ഫിയോണയെ അധികൃതർ രക്ഷപ്പെടുത്തുന്നത്. 2021 മുതൽ ഈ പെണ്ണാട് ഒറ്റപ്പെട്ടുനടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 2023ന് ശേഷം ഫിയോണയെ കുറിച്ച് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആട് ലോക ശ്രദ്ധനേടി. പിന്നാലെയാണ് ഡംഫ്രെെസിലെ ഡാൽസ്കോൺ ഫാമിന്റെ സംരക്ഷണയിലേക്ക് മാറ്റിയത്.

മറ്റ് ആടുകളോട് ഇടപാഴക്കാതെ ഫിയോണ വർഷങ്ങൾ തള്ളിനീക്കി. അങ്ങനെയാണ് ബ്രിട്ടനിലെ ഏറ്റവും ഏകാന്തമായ ആട് എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങിയത്. പല ആടുകളുമായി ഫിയോണയെ പാർപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരുമായി ഫിയോണ നല്ലരീതിയിൽ ഇടപഴകിയില്ലെന്ന് അധികൃതർ പറയുന്നു. മറ്റ് ആടുകളുമായി പൂർണമായും ഇടപഴകാൻ ഫിയോണയ്ക്ക് കഴിഞ്ഞിരുന്നില്ലെന്നും ഇനി സ്വന്തം കുടുംബവുമായി സമയം ചെലവഴിക്കുമെന്നും അധികൃതർ പറയുന്നു. ഇഞ്ചക്ഷനിലൂടെ ആടിനെ ഗർഭിണിയാക്കുകയായിരുന്നു.