മഹാനടനെ മനസിലാക്കണമായിരുന്നു,​ വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു; മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി

Monday 09 March 2026 6:42 PM IST

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി സി.പി.എം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ചതിനെ തുടർന്നുള്ള സൈബർ ആക്രമണത്തിൽ നടനോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടനെ മനസിലാക്കണമായിരുന്നെന്നും മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പ് സന്ദർശനത്തിന് എത്തിയപ്പോൾ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദ്ദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു എന്നും പിണറായി ചൂണ്ടിക്കാട്ടി. മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

എന്നും കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടി. ആരെയും അറിയിച്ച ശേഷമല്ല വയനാട് ടൗൺഷിപ്പ് കാണാൻ മമ്മൂട്ടി എത്തിയത്. ചെന്നൈയിൽ നിന്നാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാൽ തന്നെ സദ്ദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ നമ്മുടെ നാട്ടിൽ എന്തിനെയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ് സി.പി.എം ജില്ലാ സെക്രട്ടറിയായ കെ.റഫീഖ്. മമ്മൂട്ടി സ്വകാര്യമായി പറഞ്ഞ കാര്യം ക്യാമറ വസ്ത്രത്തിൽ വച്ച് നടക്കുന്നവർ വിവാദമാക്കി. മമ്മൂട്ടിയെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപിച്ചത് ദൗർഭാഗ്യകരമാണ്. എന്തിനാണത് വിവാദമാക്കിയത്?​. സി.പി.എം സാമൂഹിക മാദ്ധ്യമ പോരാളികൾ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണം ഉണ്ടായി. സി.പി.എം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോ?​. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ മനസിന് വിഷമം ഉണ്ടായതിൽ പരസ്യമായി ക്ഷമ ചോദിക്കുന്നു. മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു. മമ്മൂട്ടിയെന്ന മഹാനടനെ മനസിലാക്കണമായിരുന്നു. എങ്ങനെ ഒരു നല്ല കാര്യത്തെ ചീത്തയാക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.