ആറ് പേര്‍, ക്യാപ്റ്റനാകാന്‍ അനുകൂല സമയം സഞ്ജുവിന്; മലയാളി താരത്തെ കാത്ത് ഐസിസിയുടെ മറ്റൊരു പുരസ്‌കാരവും

Monday 09 March 2026 7:18 PM IST

മുംബയ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്തിന് അഭിമാന കിരീടവും സ്വന്തം നാട്ടുകാരന്‍ താരവുമായപ്പോള്‍ മലയാളികള്‍ക്ക് അത് ഇരട്ടി സന്തോഷമായി മാറി. സഞ്ജുവിനെ മലയാളികള്‍ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ലോകകപ്പിന് ശേഷം ജന്മനാടായ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ താരത്തെ ആവേശത്തോടെ സ്വീകരിക്കാന്‍ കാത്തുനിന്നവരുടെ എണ്ണം.

ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍?

ട്വന്റി 20 ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ് ലോകകപ്പിന് ശേഷം സ്ഥാനത്ത് തുടരാനുള്ള സാദ്ധ്യതകള്‍ വളരെ കുറവാണ്. നായകനെന്ന നിലയില്‍ ഒരു പരമ്പര പോലും തോറ്റില്ല എന്ന റെക്കോഡ് സ്വന്തം പേരിലാണെങ്കിലും പ്രായം 36ന് അടുത്തെത്തി നില്‍ക്കുന്ന സൂര്യയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമം ബിസിസിഐ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ ആയിരുന്ന സൂര്യയുടെ ബാറ്റിംഗ് ഫോമും പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണ്. 2028ല്‍ അടുത്ത ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുമ്പോള്‍ പുതിയ നായകന്‍ വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ സഞ്ജു വി സാംസണ് അനുകൂല ഘടകങ്ങള്‍ നിരവധിയാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്നത് ഏകദിന ഫോര്‍മാറ്റിലെ ലോകകപ്പ് ആയതിനാല്‍ തന്നെ സീനിയര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക ഏകദിന ക്രിക്കറ്റിലായിരിക്കും. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, ശുബ്മാന്‍ ഗില്‍ എന്നിവരാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

അക്‌സര്‍ പട്ടേലിന്റെ കാര്യമെടുത്താല്‍ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറാണ്. ഇന്ത്യയിലെ അനുകൂല സാഹചര്യങ്ങളില്‍ പോലും ചില മത്സരങ്ങളില്‍ പുറത്തിരുന്ന ഉപനായകനെ സെന രാജ്യങ്ങളില്‍ എല്ലാ മത്സരങ്ങളിലും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുക പ്രായോഗികമല്ല. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാകുന്ന താരങ്ങളാണ് എന്നതും ഏകദിന ലോകകപ്പിന് മുമ്പ് ഈ ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധിച്ച് ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് വിശ്രമം നല്‍കാന്‍ സാദ്ധ്യതയുണ്ട് എന്നതും സഞ്ജുവിന് അനുകൂലമാണ്. സമാനമാണ് ജസ്പ്രീത് ബുംറയുടെ കാര്യവും.

ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ ശുബ്മാന്‍ ഗില്‍ ആണ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റൊരു താരം. എന്നാല്‍ ഗില്ലിന്റെ ബാറ്റിംഗ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ലെന്നതും ടീമില്‍ പോലും സ്ഥിരമായി കളിക്കുന്ന താരമല്ല എന്നതും സഞ്ജുവിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. സഞ്ജുവിനെ സംബന്ധിച്ച് ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ടീമിലെ സ്ഥിരം സാന്നിദ്ധ്യം, ഏകദിന ടീമില്‍ അംഗമല്ല തുടങ്ങിയവ അനുകൂല ഘടകങ്ങളാണ്.

അതുപോലെ തന്നെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് സീസണുകളില്‍ മികച്ച രീതിയില്‍ നയിച്ചതിന്റെ മുന്‍പരിചയവും സഞ്ജുവിനുണ്ട്. ട്വന്റി 20 ലോകകപ്പില്‍ ടീം ഫീല്‍ഡ് ചെയ്യുന്ന പല ഘട്ടങ്ങളിലും ബൗളര്‍മാരുടെ അടുത്ത നേരിട്ടെത്തി കാര്യങ്ങള്‍ സംസാരിക്കുന്നതിലും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും സഞ്ജുവിന്റെ ഇടപെടല്‍ കാണാമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളി എന്ന നേട്ടവും സഞ്ജുവിനെ തേടിയെത്തിയാല്‍ അത്ഭുതപ്പെടാനില്ല.

ഐസിസിയുടെ മറ്റൊരു പുരസ്‌കാരം

ട്വന്റി 20 ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 321 റണ്‍സ് നേടിയാണ് താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. സൂപ്പര്‍ എട്ടിലെ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായകമായ മത്സരത്തിലും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും സഞ്ജു ആയിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ഫൈനലിലും അര്‍ദ്ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്ത് ആയി സഞ്ജു തിരഞ്ഞെടുക്കപ്പെടാനാണ് സാദ്ധ്യത.