യുവതിയെ നടുറോഡിൽ വെട്ടിക്കൊല്ലാൻ ശ്രമം: യുവാവ് പിടിയിൽ
തുമ്പമൺ : ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പടിഞ്ഞാറെ വിളയിൽ കരിങ്ങാറ്റ കുഴിയിൽ വീട്ടിൽ സുമേഷ് (48) പിടിയിലായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശി ബിന്ദുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8ന് പന്തളം തുമ്പമണിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭർത്താവുമായി പിണങ്ങി കഴിയുന്ന ബിന്ദു രണ്ട് വർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ സുമേഷ് ബിന്ദുവുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ കുറെനാളായി ബിന്ദു സുമേഷുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. ഇതിലുള്ള വൈരാഗ്യവും സംശയവുമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴയിൽ നിന്ന് 8ന് പന്തളെത്തിയ സുമേഷ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തശേഷം നഗരത്തിൽ നിന്ന് വെട്ടുകത്തിവാങ്ങി മുറിയിൽ സൂക്ഷിച്ചു. തുമ്പമണ്ണിൽ വീടുകളിൽ ജോലിക്കു പോയിരുന്ന ബിന്ദുവിനെ ഇന്നലെ രാവിലെ റോഡരുകിൽ കാത്തുനിന്ന് സുമേഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ തലയിലാണ് കൊണ്ടത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഇവരെ ആദ്യം അടൂർ ജനറൽ ആശുപത്രിയിലും ഇവിടെ നിന്ന് കോട്ടയത്തേക്കും കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച സുമേഷിനെ പന്തളം പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.