വെള്ളാരംപാറ മലയിലെ പാറഖനനം ഭീതിയിൽ നാട്ടുകാർ

Tuesday 10 March 2026 12:22 AM IST
കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ പന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ പുത്തലത്ത്പറമ്പ് വെള്ളാരം പാറ മലയിലെ അനധികൃത പാറഖനനം

കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ പന്നൂർ പുത്തലത്തുപറമ്പ് വെള്ളാരംപാറ മലയിൽ നടക്കുന്ന ഖനനം ജനങ്ങൾക്ക് ഭീഷണിയാവുന്നു. സമീപത്തെ പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും വെള്ളാരം പാറ ഉന്നതിയിലെ എൺപതോളം വീടുകൾക്കും കുടിവെള്ളടാങ്കിനും ഖനനം ഭീഷണിയാവുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പുത്തലത്തുപറമ്പ്, മറി വീട്ടിൽത്താഴം, പൂവ്വതൊടുക, കണ്ടിയിൽ പ്രദേശങ്ങളിലെ ജനങ്ങൾ പാറ പൊട്ടിക്കുമ്പോൾ ഉണ്ടാവുന്ന രൂക്ഷമായ പൊടിയും ശബ്ദവും കാരണം പ്രതിസന്ധിയിലാണ്.

ദുർബലമായ മലയുടെ മുകൾഭാഗത്തെ പാറയിടിച്ച് നിരത്തുന്നതുമൂലം മഴക്കാലത്ത് പ്രകൃതിദുരന്തങ്ങൾക്ക് സാദ്ധ്യതയേറെയാണ്. കെട്ടിടം നിർമിക്കാൻ മണ്ണ് നീക്കം ചെയ്യാനെന്ന പേരിൽ അനുമതി വാങ്ങി വ്യാപകമായി പാറ പൊട്ടിച്ച് ലോഡുകണക്കിന് കരിങ്കല്ലാണ് ഓരോ ദിവസവും പ്രദേശത്തുനിന്ന് കടത്തുന്നതെന്നും ഖനനാനുമതി ഇല്ലാതെയാണ് ക്വാറിക്ക് സമാനമായ പ്രവർത്തനം നടത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് പാറ ഖനനം അടിയന്തരമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂമന്ത്രി, വിദ്യാഭ്യാസമന്ത്രി, കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. വെള്ളാരംപാറ മലയിൽ നടക്കുന്ന പാറഖനനം ഉടൻ നിർത്തലാക്കണമെന്ന് പ്രദേശവാസികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വി.എം. മനോജ്, വി. മജീദ് എന്നിവർ പങ്കെടുത്തു.

വെള്ളാരംപാറ മലയിൽ നടക്കുന്ന പാറഖനനത്തിനെതിരെ പ്രദേശവാസികൾ നൽകിയ പരാതിയിൽ അധികൃതർ നടപടി സ്വീകരിക്കണം. ഖനനം തുടർന്നാൽ സമര പരിപാടികൾ സംഘടിപ്പിക്കുകയും പാറകടത്തുന്ന വാഹനങ്ങൾ തടയുകയും ചെയ്യും.

വി.എം.മനോജ്, പഞ്ചായത്ത് അംഗം