നഴ്‌സുമാർക്ക് അർഹമായ വേതനം ഉറപ്പാക്കും:മന്ത്രി
തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധമായ ഒരു നിലപാടും കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.
സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതന പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ നീക്കി അർഹമായ വേതനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സ്വന്തമായ നിയമനിർമ്മാണം നടത്താമെന്ന് ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന പരിഷ്കരണത്തിനായി കോഡ് ഓൺ വേജസ് (2019) പ്രകാരമുള്ള നടപടികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 1948-ലെ മിനിമം വേജസ് ആക്ട് പ്രകാരം ആരംഭിച്ച നടപടികൾ പുതിയ കേന്ദ്ര നിയമം വന്നതോടെ അസാധുവായതായി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം പഴയ നിയമപ്രകാരമുള്ള നടപടികൾക്ക് ഒരു മാസത്തെ സ്റ്റേ നിലവിലുണ്ടെങ്കിലും പുതിയ കോഡ് ഓൺ വേജസ് പ്രകാരം മിനിമം വേതനം നിശ്ചയിക്കുന്നതിന് ഉത്തരവ് തടസമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2025 ഡിസംബർ 27-ന് നടന്ന യോഗത്തിലെ തീരുമാനങ്ങൾ പ്രകാരം ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. തൊഴിലാളി വിരുദ്ധ നിർദ്ദേശങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സമരം ശക്തമാക്കി നഴ്‌സുമാർ
അതേസമയ്ം,ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ സമരം ശക്തമാക്കി. ഇന്നലെ നടത്തിയ സൂചനാ പണിമുടക്കിൽ പങ്കെടുത്ത ബേബി മെമ്മോറിയൽ ആശുപത്രിയിലെ രണ്ട് കരാർ നഴ്സുമാരെ പിരിച്ചുവിട്ടു. നിരവധി പേർക്ക് നോട്ടീസ് നൽകി. ഇതിൽ പ്രതിഷേധിച്ച് നഴ്സിംഗ് വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ ആശുപത്രി അധികൃതരും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. വിവാദമായതോടെ പിരിച്ചുവിടൽ മരവിപ്പിച്ചതായി ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ 15,000ലധികം നഴ്‌സുമാർ പങ്കെടുത്തതോടെ മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, ഇഖ്റ, മലബാർ, ശാന്തി, ഫാത്തിമ തുടങ്ങിയ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു. നാല് ആശുപത്രികളിൽ കിടത്തി ചികിത്സ നിറുത്തി.