ഗവ. ആശുപത്രികളിൽ ഒ.പി ഒരു മണിക്കൂർ കൂട്ടി, രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ

Tuesday 10 March 2026 12:00 AM IST

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള സർക്കാർ ആശുപത്രികളുടെ ഒ.പി സമയം ഒരു മണിക്കൂർ കൂട്ടി. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ആയിരുന്നത് രണ്ടുവരെയാക്കി. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്രമപ്പെടുത്തിയും ആരോഗ്യവകുപ്പ് ഉത്തരവിറക്കി. താലൂക്ക് ആശുപത്രി മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെയാണ് ബാധകം.

ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കാനും ഡോക്ടർമാരുടെ ജോലിഭാരം തുല്യമായി വിഭജിക്കാനും ലക്ഷ്യമിട്ടാണ് പരിഷ്‌കാരം.

അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2വരെ, ഉച്ചയ്ക്ക് 2 മുതൽ രാത്രി 8വരെ, രാത്രി 8മുതൽ അടുത്തദിവസം രാവിലെ 8വരെ (12 മണിക്കൂർ) എന്നിങ്ങനെ മൂന്ന് ഷിഫ്റ്റുകളാക്കി. പലയിടത്തും ഇത് നിലവിലുണ്ടെങ്കിലും പാലിക്കുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടർന്നാണ് ഏകീകരിച്ചത്. രാത്രി ഡ്യൂട്ടി എടുക്കുന്നവർക്ക് തൊട്ടടുത്ത ദിവസം ഓഫ് നൽകും.

സ്‌പെഷ്യാലിറ്റി ഡോക്ടർമാരും ജനറൽ കേഡർ ഡോക്ടർമാരും റൊട്ടേഷൻ അടിസ്ഥാനത്തിൽ വാർഡ് ഡ്യൂട്ടി നോക്കണം. 56 വയസ് കഴിഞ്ഞവരെയും ചീഫ് കൺസൾട്ടന്റുമാരെയും വാർഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. നേരത്തെ ഇത് 50 വയസായിരുന്നു. 'കോൾ ഡ്യൂട്ടി'യിലുള്ള ഡോക്ടർമാർ ആശുപത്രിയുടെ എട്ട് കിലോമീറ്റർ ചുറ്റളവിലുണ്ടാകണം. അത്യാവശ്യഘട്ടത്തിൽ ഇവർക്ക് യാത്രാസൗകര്യം ആശുപത്രി ഉറപ്പാക്കും.

സൂപ്രണ്ടിന്റെ ഡ്യൂട്ടി

8 മുതൽ 3 വരെ ആശുപത്രി സൂപ്രണ്ടിന്റെ ഡ്യൂട്ടിസമയം രാവിലെ 8 മുതൽ വൈകിട്ട് മൂന്നുവരെയാക്കി. നേരത്തെ 10 മുതൽ 4 വരെയായിരുന്നു. ആശുപത്രിയുടെ ഭരണപരമായ ഉത്തരവാദിത്വം സൂപ്രണ്ടിന്. മാസ്റ്റർപ്ലാൻ തയ്യാറാക്കൽ, മരുന്ന് വാങ്ങൽ, അക്രഡിറ്റേഷൻ എന്നിവയ്ക്ക് നേതൃത്വം നൽകണം. ജില്ല മെഡിക്കൽ ഓഫീസർക്ക് നേരിട്ട് റിപ്പോർട്ട് നൽകേണ്ടതും സൂപ്രണ്ട്

നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ മേൽനോട്ടം, ആംബുലൻസ് നിയന്ത്രണം, ആശുപത്രി ശുചിത്വം എന്നിവ ആർ.എം.ഒയുടെ ചുമതല. ഫോറൻസിക് സർജൻ ഇല്ലാത്തയിടങ്ങളിൽ പോസ്റ്റുമോർട്ടം നടപടികൾ ഏകോപിപ്പിക്കേണ്ടതും ആർ.എം.ഒ