തകര്‍ന്നടിഞ്ഞ് സ്വര്‍ണം; വരാന്‍ പോകുന്നത് അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം

Tuesday 10 March 2026 12:04 AM IST

ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു

ക്രൂഡോയില്‍ വില കുതിക്കുന്നു

തകര്‍ന്നടിഞ്ഞ് ഓഹരി, സ്വര്‍ണം, രൂപ

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകും

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ആടിയുലഞ്ഞ് ആഗോള വിപണികള്‍. ഗള്‍ഫ് രാജ്യങ്ങള്‍ ക്രൂഡോയില്‍ ഉത്പാദനം കുറച്ചതും ഹോര്‍മുസ് ഇടനാഴി അടച്ചതോടെ ചരക്ക് നീക്കം തടസപ്പെട്ടതും രാജ്യാന്തര വിപണിയില്‍ എണ്ണ വില ബാരലിന് 119 ഡോളറിലെത്തിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. എന്നാല്‍ ജി7 രാജ്യങ്ങള്‍ 40 കോടി ബാരല്‍ ക്രൂഡോയില്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് വ്യക്തമാക്കിയതോടെ വില ബാരലിന് 103 ഡോളറിലേക്ക് താഴ്ന്നു.

ലോകത്തിലെ മൊത്തം എണ്ണ വില്‍പ്പനയുടെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോര്‍മുസിലൂടെയുള്ള ചരക്കു ഗതാഗതം നിലച്ചതാണ് ഏറ്റവും വലിയ ആശങ്ക. എണ്ണ വിപണിയിലെ പ്രതിസന്ധി നാണയപ്പെരുപ്പ ഭീഷണി രൂക്ഷമാക്കുകയാണ്. ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, ഹോങ്കോംഗ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരി സൂചികള്‍ ഇന്നലെ കനത്ത തകര്‍ച്ച നേരിട്ടു.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്ണീര്‍ മഴ

പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ എണ്ണ വില കത്തിക്കയറിയതിന്റെ ആശങ്കയില്‍ ഇന്ത്യന്‍ ഓഹരി ഇന്നലെയും മൂക്കുകുത്തി. മുഖ്യ സൂചികയായ സെന്‍സെക്‌സ് 1,353 പോയിന്റ് ഇടിഞ്ഞ് 77,566.16ല്‍ അവസാനിച്ചു. നിഫ്റ്റി 422 പോയിന്റ് തകര്‍ച്ചയോടെ 24,028.05ല്‍ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയില്‍ മൂന്ന് ശതമാനം ഇടിവുണ്ടായി. പൊതുമേഖല ബാങ്ക് ഓഹരികളുടെ വിലയില്‍ അഞ്ച് ശതമാനം ഇടിവുണ്ടായി. ഓയില്‍ ആന്‍ഡ് ഗ്യാസ്, ധനകാര്യ, വാഹന മേഖലകളിലെ ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു. മാരുതി സുസുക്കി. അള്‍ട്രാടെക്ക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്.ബി.ഐ, അദാനി പോര്‍ട്ട്സ്, ഇന്‍ഡിഗോ തുടങ്ങിയവയാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തില്‍ ഇന്നലെ ഒന്‍പത് ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.

ക്രൂഡ് വില ഒരു ഡോളര്‍ കൂടിയാല്‍ ഇറക്കുമതി ചെലവിലെ വര്‍ദ്ധന - 16,000 കോടി രൂപ

എണ്ണ വില വര്‍ദ്ധനയുടെ പ്രത്യാഘാതങ്ങള്‍

1. ഇന്ത്യയുടെ ഇറക്കുമതി ബില്‍ കുത്തനെ കൂടും

2. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമാക്കും

3. ഇന്ധന വിലക്കയറ്റം കമ്പനികളുടെ ലാഭത്തെ ബാധിക്കും

4. രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച മന്ദഗതിയിലാക്കും

റെക്കാഡ് താഴ്ചയിലേക്ക് മൂക്കുകുത്തി രൂപ

ക്രൂഡോയില്‍ വിലക്കുതിപ്പും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമാക്കി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 53 പൈസ നഷ്ടത്തോടെ റെക്കാഡ് താഴ്ചയായ 92.35ല്‍ അവസാനിച്ചു. ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ കരുത്താര്‍ജിച്ചതും രൂപയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിച്ചു.