മതനിരപേക്ഷതയുടെ കാവലാൾ

Tuesday 10 March 2026 2:10 AM IST

തിരുവനന്തപുരം : മതനിരപേക്ഷതയുടെ കാവലാളായി ചരിത്രത്തിൽ ഇടം നേടിയ ചരിത്രകാരനെയാണ് പ്രൊഫ. കെ.എൻ. പണിക്കറിന്റെ വിയോഗത്തോടെ നഷ്ടമായത്. ചരിത്രത്തെ വർഗീയ വത്കരിച്ച് നാടിനെ തെറ്റായ വഴിയിലേക്ക് നയിക്കാനുള്ള ശ്രമങ്ങളെ വസ്തുതകൾ നിരത്തിൽ പ്രതിരോധിക്കാൻ പണിക്കർക്ക് സാധിച്ചു. അങ്ങനെ അദ്ദേഹം രാജ്യത്തിന് വഴികാട്ടിയായി. വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും വർഗീയവത്കരിക്കാനുള്ള ഓരോ നീക്കത്തെയും ചരിത്രവസ്തുതകൾ ഉയർത്തിക്കാട്ടി പ്രതിരോധിച്ചു.

മതനിരപേക്ഷമായ സാംസ്‌കാരിക അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാൻ ചരിത്രര ചനയെ സർഗാത്മക ആയുധമാക്കി. ചരിത്രപഠനവും ഗവേഷണവും സാമൂഹ്യ ഇടപെടലാക്കി മാറ്റി. കൊളോണിയൽ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പഴശ്ശിരാജയും വേലുത്തമ്പി ദളവയും വഹിച്ച പങ്ക്, ആധുനിക വൈദ്യശാസ്ത്രത്തിന്റെ കടന്നുവരവിൽ തദ്ദേശീയ വൈദ്യത്തെ മുന്നോട്ടു നയിക്കുന്നതിൽ ഡോ.പി.എസ്. വാര്യരുടെ സംഭാവനകൾ, നായർ വിവാഹ പരിഷ്‌കരണ നിയമങ്ങൾ, മലബാർ ഭൂവുടമ ബന്ധത്തിൽ നടന്ന മാറ്റങ്ങളെക്കുറിച്ച് നിയമവ്യവഹാരങ്ങളെ മുൻനിറുത്തിയുള്ള പഠനം, പാരമ്പര്യത്തെയും ആധുനികതയെയും മുൻനിറുത്തിയുള്ള അന്വേഷങ്ങൾ, വിദ്യാഭ്യാസ ചിന്തകൾ എന്നിവ പണിക്കരുടെ രചനകളിൽ ഉൾപ്പെടുന്നു.

ജനാധിപത്യത്തിനും സഹിഷ്ണുതയ്ക്കും മുറിവേറ്റപ്പോഴെല്ലാം കെ.എൻ.പണിക്കരുടെ നിലപാട് സുവ്യക്തമായിരുന്നു.

ചരിത്രത്തെ വർത്തമാനകാലത്തോട് വിളക്കിച്ചേർത്തും വർഗീയ ശക്തികൾക്കെതിരായ പോരാട്ടങ്ങളിൽ സജീവമായ പങ്കുവഹിച്ചും അവസാന കാലം വരെ അദ്ദേഹത്തിന്റെ പോരാട്ടം തുടർന്നു.