കാക്കിക്ക് വിലങ്ങുവീണു, 'കല' കൈവിടാതെ ബിജു

Tuesday 10 March 2026 12:24 AM IST
ബിജു ചക്കുവരയ്ക്കൽ

കൊല്ലം: ശില്പങ്ങളിൽ വിസ്മയമൊരുക്കുന്ന കുന്നിക്കോട് ത്രിമധുരം വീട്ടിൽ ബിജു ചക്കുവരയ്ക്കൽ (50)​ ഒരു പോരാട്ടത്തിലാണ്. കലാകാരനായതിന്റെ പേരിൽ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെയുള്ള നിയമ പോരാട്ടം.

ചക്കുവരയ്ക്കൽ ആചാരിയഴികത്ത് എ.കെ.തങ്കപ്പന്റെയും ചെല്ലമ്മയുടെയും മകനായ ബിജുവിന് കുട്ടിക്കാലം മുതൽ ചിത്രരചനയോടും ശില്പ നിർമ്മാണത്തോടുമായിരുന്നു കമ്പം. ഇതിനിടെ 1999ൽ ഇംഗ്ളീഷ് ബിരുദാനന്തര പഠനത്തിനിടെ പി.എസ്.സി മുഖേന പൊലീസിൽ ജോലി ലഭിച്ചു. രണ്ടു വർഷക്കാലം റാപ്പിഡ് ആക്ഷൻ ഫോഴ്സിൽ ഡ്യൂട്ടി. ഒഴിവുവേളകളിൽ ശില്പ നിർമ്മാണം തുടർന്നു.

2003ൽ തിരുവനന്തപുരത്തെ മ്യൂസിയത്തിൽ നടന്ന ദേശീയ യുവജന മേളയിൽ പങ്കെടുക്കാൻ ദേശീയ തലത്തിലുള്ള ശില്പികളും ചിത്രകാരന്മാരുമെത്തിയപ്പോൾ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരിൽ ബിജുവും ഉണ്ടായിരുന്നു. അവരുടെ ശില്പകല വീക്ഷിച്ചത് ആവേശമായി. പൊലീസിനുവേണ്ടി ലോഗോയും എംബ്ളവും ചെയ്തുനൽകി. 2007ൽ പുനലൂർ ഫെസ്റ്റിൽ പെയിന്റിംഗ് എക്സിബിഷൻ നടത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ജോലിയിൽ നിന്ന് അവധിയെടുത്ത് ശില്പനിർമ്മാണത്തിനായി കൂടുതൽ സമയം ചെലവിട്ടു. സർക്കാരിനുവേണ്ടിയും ശില്പങ്ങൾ നിർമ്മിച്ചു.

27 വ‍ർഷത്തെ സർവീസ്

പൊലീസ് സേനയിൽ 27 വർഷമായെങ്കിലും ശില്പനിർമ്മാണത്തിനുവേണ്ടി ഇടയ്ക്കിടെ ലീവ് എടുക്കേണ്ടിവന്നത് മേലുദ്യോഗസ്ഥരുടെ അനിഷ്ടങ്ങൾക്ക് വഴിവച്ചു. പ്രൊമോഷൻ ലഭിച്ചില്ല. നാലുവർഷം മുൻപ് ജോലിയിൽ നിന്ന് ഒഴിവാക്കി റൂറൽ എസ്.പി ഉത്തരവിടുകയായിരുന്നു. കുളക്കട പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമൺ മഞ്ജുഷ രാജാണ് ഭാര്യ. വിദ്യാർത്ഥികളും നർത്തകരുമായ കൃഷ്ണ നീലാംബരിയും കൃഷ്ണ സാവേരിയും മക്കളാണ്.

അക്ഷരമരം ലൈബ്രറി എന്ന സ്വപ്നം

കുന്നിക്കോട്ടെ വീട്ടിൽ 'അക്ഷരമരം ലൈബ്രറി" പൂർത്തിയാകുന്നതോടെ അത് ബിജുവിന്റെ ഇരുന്നൂറാം ശില്പ നിർമ്മാണത്തിന്റെ പൂർണതയാവും. വീടിന്റെ അകത്തളത്തിൽ 10 അടി ഉയരമുള്ള മരത്തിന്റെ ചുവട്ടിൽ ശ്രീബുദ്ധനും ശിഖരങ്ങളിൽ പുസ്തകങ്ങളുമുള്ള വേറിട്ട ശില്പമാണ് അക്ഷരമരം ലൈബ്രറി.