ഹിന്ദി അസി. പ്രൊഫസർ 5 ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചത് അർദ്ധരാത്രി
തിരുവനന്തപുരം: ഞായറാഴ്ച രാത്രി 12ന് ഗവ. കോളേജ് ഹിന്ദി അസി.പ്രൊഫസർ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുമെന്നതിനാൽ 5 ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ അവധി ദിവസമായിട്ടും ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലെത്തി.
ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമനം നടത്തിയതോടെയാണ് അഞ്ച് ഒഴിവുകളുണ്ടായത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാൻ മണിക്കൂറുകൾ മാത്രം. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡി. സെക്രട്ടറി എം.എസ് ബിജുക്കുട്ടൻ, അണ്ടർ സെക്രട്ടറി കെ.ആർ രാജേഷ്, സെക്ഷൻ ഓഫീസർ എൽ. അശോക കുമാരി, അസിസ്റ്റന്റ് ആർ.കെ. വിനായക് എന്നിവരാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനായി ഞായറാഴ്ച സെക്രട്ടേറിയറ്റിലെത്തിയത്. റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നതിന് തൊട്ടു മുൻപായി ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചു. ഗവ. പ്രസിലെ ഉദ്യോഗസ്ഥരും സഹകരിച്ചതോടെ ഇക്കാര്യം രേഖാമൂലം പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യാനും കഴിഞ്ഞു. റാങ്ക് ലിസ്റ്റ് കാലാവധി കഴിയാറായ വിഷയങ്ങളിൽ അടുത്ത ദിവസങ്ങളിൽ നിയമനം നടത്തുമെന്നാണ് സർക്കാർ വിശദീകരണം. കോളേജ് അസി.പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിന്ന് വിവിധ വിഷയങ്ങളിൽ നിയമന ശുപാർശ നൽകുന്നത് തുടരുകയാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.