ടെയിനിൽ കുഞ്ഞിനെ യാത്രക്കാരന് കൈമാറി മുങ്ങിയ യുവതി പിടിയിൽ

Tuesday 10 March 2026 2:54 AM IST

ഫറോക്ക്: ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ മറ്റൊരാൾക്ക് നൽകി ട്രെയിനിൽ നിന്ന് മുങ്ങിയ യുവതി പിടിയിലായി. ഇന്നലെ രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്രേഷനിലാണ് സംഭവം. മംഗളൂരു-പാലക്കാട് സ്പെഷൽ ട്രെയിനിൽ കയറിയ യുവതി, ബാത്ത് റൂമിൽ പോകാനുണ്ടെന്നും കുഞ്ഞിനെ നോക്കണമെന്നും പറഞ്ഞ് യാത്രക്കാരനായ കുറ്റിക്കാട്ടൂർ ജോനകശ്ശേരി അബ്ദുൾ അസീസിനെ ഏൽപ്പിച്ചശേഷം മുങ്ങുകയായിരുന്നു. ട്രെയിൻ ഫറോക്കിലെത്തിയിട്ടും കുഞ്ഞിനെ തിരികെ വാങ്ങാൻ യുവതി എത്തിയില്ല. പരിഭ്രാന്തനായ അസീസ് ഉടൻ ഫറോക്ക് സ്റ്റേഷനിൽ കുട്ടിയുമായി ഇറങ്ങി സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതനുസരിച്ച് ഫറോക്ക് പൊലീസും ആർ.പി.എഫും എത്തി. റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ച് മുങ്ങിയ യുവതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടുകയായിരുന്നു. കുട്ടിയെയും സ്ത്രീയെയും ആർ.പി.എഫ് കോഴിക്കോട് ചൈൽഡ് ലൈന് കൈമാറി. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണെന്ന് പൊലീസും ആർ.പി.എഫും പറഞ്ഞു. ബാത്ത്റൂമിൽ പോകാനായി ഇറങ്ങിയപ്പോൾ ട്രെയിൻ വിട്ടുപോയെന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്.