അനധികൃത മണൽ വാരൽ: ജാമ്യമില്ലാ കേസുമെടുക്കാം

Tuesday 10 March 2026 2:56 AM IST

കൊച്ചി: പുഴയിൽ നിന്ന് മണൽ കടത്തിയ കേസിൽ പ്രതികൾക്കെതിരെ കേരള നദീതീര സംരക്ഷണ/ മണൽ വാരൽ നിയന്ത്രണ നിയമപ്രകാരമുള്ള വകുപ്പുകൾക്കൊപ്പം ഭാരതീയ ന്യായ സംഹിത പ്രകാരവും കേസെടുക്കാനാകുമെന്ന് ഹൈക്കോടതി. രണ്ട് നിയമപ്രകാരം കേസെടുക്കാനാകില്ലെന്ന് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് തിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തത വരുത്തിയത്. മറ്റ് നിയമപ്രകാരവും കേസെടുക്കാൻ നദീതീര സംരക്ഷണ നിയമം അനുവദിക്കുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

നദീതീര സംരക്ഷണ നിയമപ്രകാരം അനധികൃത മണൽ വാരൽ പിഴ ഈടാക്കാവുന്നതും ജാമ്യം കിട്ടുന്നതുമായ കേസാണ്. എന്നാൽ ബി.എൻ.എസ് പ്രകാരം പൊതുമുതൽ മോഷ്ടിച്ചതിനടക്കം ജാമ്യം കിട്ടാത്ത വകുപ്പ് പ്രകാരം കേസെടുക്കാനാകും. മണൽ കടത്തിയ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജികളാണ് കോടതി പരിഗണിച്ചത്. മൂന്ന് കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ച കോടതി, രണ്ട് കേസുകളിൽ നിഷേധിക്കുകയും ചെയ്തു.