സിവിൽ സർവീസ് വിജയികൾക്ക് സർക്കാരിന്റെ ആദരം
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സംസ്ഥാന സർക്കാർ ഇന്ന് ആദരിക്കും. വൈകിട്ട് 3.30ന് തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാവും. സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിലാണ് അനുമോദനം സംഘടിപ്പിക്കുന്നത്.
സിവിൽ സർവീസ് രംഗത്ത് കേരളത്തിന്റെ പ്രാതിനിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി പ്രവർത്തിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വളരെ കുറഞ്ഞ ഫീസിൽ മികച്ച പരിശീലനം നൽകുന്നതിലൂടെ നിരവധി പേരെ സിവിൽ സർവീസ് മേഖലയിലെത്തിക്കാൻ അക്കാഡമിക്ക് സാധിച്ചിട്ടുണ്ട്. അക്കാഡമിയിൽ പഠിച്ച അഞ്ഞൂറോളം ഉദ്യോഗാർത്ഥികൾ ഇതിനകം സിവിൽ സർവീസിലെത്തി. ഈ വർഷം സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരിൽ 47 മലയാളികൾ അക്കാഡമിയിൽ നിന്ന് വിവിധ ഘട്ടങ്ങളിൽ പരിശീലനം നേടിയവരാണ്. 57-ാം റാങ്ക് നേടിയ ജെ.എസ്. ശ്രീജ അക്കാഡമിയിൽ നിന്ന് ഇന്റർവ്യൂ പരിശീലനം നേടിയ വിദ്യാർത്ഥിയാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും അക്കാദമിക്ക് പഠനകേന്ദ്രങ്ങളുണ്ട്. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മുതൽ ബിരുദധാരികൾക്ക് വരെ വിവിധ കോഴ്‌സുകൾ ഇവിടെ നൽകുന്നുണ്ട്. ഡൽഹിയിൽ നടക്കുന്ന സിവിൽ സർവീസ് ഇന്റർവ്യൂവിന് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിദഗ്ദ്ധ പാനലിന്റെ നേതൃത്വത്തിൽ പരിശീലനവും യാത്രാ-താമസ സൗകര്യങ്ങളും അക്കാദമി സൗജന്യമായി നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ന്യൂനപക്ഷ, എസ്.സി-എസ്.ടി വിഭാഗങ്ങൾക്കുമുള്ള ഫീസ് ആനുകൂല്യങ്ങളും വിവിധ സ്‌കോളർഷിപ്പുകളും ലഭ്യമാണ്. കൂടാതെ കണ്ണൂർ ജില്ലയിലെ പിണറായി എജ്യുക്കേഷൻ ഹബ്ബിന്റെ ഭാഗമായി പുതിയ റെസിഡൻഷ്യൽ സിവിൽ സർവീസ് അക്കാഡമി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.