കെ.എൻ. പണിക്കർ ചരിത്രമായി
തിരുവനന്തപുരം : ആധുനിക ഇന്ത്യയുടെ ചരിത്രകാരന്മാരിൽ പ്രമുഖനും കാലടി ശ്രീങ്കരാചാര്യ സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ.കെ.എൻ.പണിക്കർ (90) അന്തരിച്ചു.
തിരുവനന്തപുരം പട്ടം എസ്.യുടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1.47 ഓടെയാണ് അന്ത്യം. സ്‌ട്രോക്ക് വന്നതിനെത്തുടർന്ന് ഉച്ചയ്ക്ക് 12ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കവടിയാർ ജവഹർനഗർ നികുഞ്ചം ഫോർച്യൂൺ ഫ്ലാറ്റ് 9ബിയിലായുന്നു താമസം. ഇന്നു രാവിലെ (ചൊവ്വ) രാവിലെ 10 മുതൽ ഫ്ളാറ്റിൽ പൊതുദർശനം. വൈകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം. ഭാര്യ: പരേതയായ ഉഷ. മക്കൾ: രാഗിണി, ശാലിനി. മരുമക്കൾ: പീതാംബർ, രമൺ.
ചരിത്രത്തെ വർഗീയവത്കരിക്കുന്നതിനെ നിശിതമായി എതിർത്ത പണിക്കർ മാർക്‌സിറ്റ് ശൈലിയിലുള്ള ചരിത്രരചനയാണ് അവംലബിച്ചത്. ഇതിന്റെ പേരിൽ പലകോണുകളിൽ നിന്നും അദ്ദേഹം കടുത്ത വിമർശനം നേരിട്ടു. കേരള ചരിത്രഗവേഷണ കൗൺസിൽ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യൻ ചരിത്ര കോൺഗ്രസ് അദ്ധ്യക്ഷൻ. കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.