നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കം; നടൻ  ദിലീപ്   ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് ഹെെക്കോടതി

Tuesday 10 March 2026 11:37 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെറുതെ വിട്ട നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹെെക്കോടതി. കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ്എച്ച്‌ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് കെെമാറുന്നത്.

പ്രോസിക്യൂഷൻ ഹാജരാക്കിയ നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ വിചാരണക്കോടതി നിസാര കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞു എന്നാണ് സർക്കാരിന്റെ പ്രധാന വാദം. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും, മറ്റ് പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.

പെരുമ്പാവൂർ‌ വേങ്ങൂ‌ർ നടുവിലേക്കുടിയിൽ എൻ എസ് സുനിൽകുമാർ (പൾസർ സുനി- 37), തൃശൂർ കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി മണികണ്ഠൻ(37), തലശേരി കതിരൂർ മംഗലശേരിയിൽ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച് സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവരാണ് ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ. എട്ടാം പ്രതിയായിരുന്ന ദിലീപ് അടക്കം നാലുപേരെ കോടതി വെറുതേവിട്ടിരുന്നു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷാവിധിച്ചത്. കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. ​​​​​​​