'ഗണേശ് കുമാറിനെതിരായുള്ള ആരോപണം കുടുംബപ്രശ്‌നം'; ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് സ്‌പീക്കർ എ എൻ ഷംസീർ
കോഴിക്കോട്: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ഗുരുതര ആരോപണങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ എ എൻ ഷംസീർ. ആരോപണം അടഞ്ഞ അദ്ധ്യായമാണ്. മാദ്ധ്യമങ്ങൾ കൊണ്ടുവന്നത് ഒരു കുടുംബപ്രശ്നമാണെന്നും അത് അവർ തന്നെ പരിഹരിച്ചുവെന്നാണ് മാദ്ധ്യമങ്ങളിലൂടെ മനസിലാക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു.
'അവർ വന്നുപറഞ്ഞ കാര്യങ്ങളാണ് മാദ്ധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയപ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയപ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നുമില്ല. രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. പിന്നീടുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ'- ഷംസീർ പറഞ്ഞു.
ഗണേശ് കുമാറിനെതിരായുള്ള ഭാര്യയുടെ ആരോപണം ഒത്തുതീർപ്പിലെത്തിയെന്നാണ് സൂചന. ഗണേശ് കുമാർ ക്ഷമാപണം നടത്തിയെന്ന് ബിന്ദു പറഞ്ഞു. ഗണേശ് തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നുമാണ് ബിന്ദു വ്യക്തമാക്കിയത്.
'ഞാൻ ഇന്നലെ ഫോൺ എടുക്കാത്തതിനാൽ ഗണേശ് എന്റെ സഹോദരിയോട് സംസാരിച്ചു. തെറ്റ് പറ്റിപ്പോയിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി. എനിക്ക് നിയമപരമായി പോകണമെന്നില്ല. ഞാൻ ഇന്നലെ നടത്തിയത് വെെകാരിക പ്രതികരണമാണ്. ഇത്രയും വർഷത്തിനിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല. എല്ലാവർക്കും തെറ്റ് പറ്റും. മന്ത്രിയായത് കൊണ്ട് അത് ലോകം മുഴുവൻ അറിഞ്ഞു. മന്ത്രി ഇതിന് സമൂഹത്തോട് ക്ഷമാപണം ചോദിക്കേണ്ട ആവശ്യമില്ല. എന്നോട് ചോദിച്ചാൽ മതിയല്ലോ? ഇനി ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച വേണ്ട. എല്ലാവരോടും ഞാൻ അതാണ് ആവശ്യപ്പെടുന്നത്'- എന്നാണ് ബിന്ദു വ്യക്തമാക്കിയത്.