'അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല'
ആലപ്പുഴ: മന്ത്രി ഗണേശ് കുമാറിനെ രൂക്ഷമായി വിമർശിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഗണേശ് കുമാറിന്റെ പെരുമാറ്റം സർക്കാരിന്റെ പ്രതിച്ഛായ തകർത്തു. മന്ത്രിസഭയ്ക്കുതന്നെ ഇത് പുഴുക്കുത്താണ്. തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണം എന്നും വെള്ളാപ്പള്ളി പറഞ്ഞു.
'മന്ത്രിസ്ഥാനത്തിരിക്കുമ്പാേൾ നിലവാരം പുലർത്താൻ അദ്ദേഹം ബാദ്ധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമാണ്. കനകസിംഹാസനത്തിൽ കയറിയിരിക്കുന്ന ഇവൻ ശുംഭനോ ശുനകനോ ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് പറയാൻ സാധിക്കില്ല. ഭാര്യ പരാതി പിൻവലിച്ചു എന്നതുകൊണ്ട് കാര്യമായില്ല. സമൂഹത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട മാന്യതയും മര്യാദയും അദ്ദേഹം കാട്ടിയില്ല. ഭംഗിയായി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന മന്ത്രിസഭയുടെ പുഴുക്കുത്താണ് ഗണേശ് കുമാർ. ദാർഷ്ട്യവും മാടമ്പിത്തരവുമാണ് വാക്കിലും പ്രവൃത്തിയിലുമുള്ളത്.
അയ്യായിരം പേരെ പ്രണയിക്കുന്നെന്ന് തലയിൽ ആൾത്താമസമുളള ഒരാൾ പറയുമോ? അങ്ങനെ അല്ലാത്തവർ പൊട്ടൻമാരും ഷണ്ഡൻമാരുമാണെന്നാണ് പറയുന്നത്. കൂടുതലൊന്നും പറയുന്നില്ല. കേരളത്തിലെ സർക്കാരിനുണ്ടായ വലിയ അപചയമായിപ്പോയി ഈ സംഭവം. വാദി പിൻവലിച്ചു എന്നതുകൊണ്ട് കേസ് ഇല്ലാതാകുന്നില്ല'- വെള്ളാപ്പളളി പറഞ്ഞു.
ജി സുധാകരൻ വിഷയത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. ജി സുധാകരന് സീറ്റ് നൽകണമായിരുന്നു. അദ്ദേഹം ജനസ്വാധീനമുള്ള നല്ല നേതാവാണ്. അദ്ദേഹത്തെ പാർട്ടിയോടൊപ്പം നിർത്തുന്നത് നന്നായിരിക്കും. പരാതി പാർട്ടി കേൾക്കണം, പ്രശ്നങ്ങൾ പറഞ്ഞുതീർക്കണം. അദ്ദേഹം യുഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.