സ്വർണ വില കുതിക്കുമ്പോൾ നിക്ഷേപകർ ഏത് വഴി തിരഞ്ഞെടുക്കണം; മുന്നിൽ ഒരേയൊരു മാർഗം മാത്രം

Tuesday 10 March 2026 2:45 PM IST

സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 65 രൂപയാണ് കൂടിയത്. ഒരു പവന് 520 രൂപയും കൂടി. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണിവില 14,885 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയും. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു.

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഇന്ധനവില കുതിച്ചുയർന്നത് നാണയപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് ലോഹവിലയെയും സമ്മർദ്ദത്തിലാക്കാൻ സാദ്ധ്യത ഏറെയാണ്. ഫെഡറൽ റിസർവും മറ്റ് കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ നിലനിർത്താനോ അല്ലെങ്കിൽ ഇനിയും വർദ്ധിപ്പിക്കാനോ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇത് പലിശയോ ലാഭവിഹിതമോ നൽകാത്ത സ്വർണം പോലുള്ള ലോഹങ്ങളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

എന്നാൽ ആഗോള ഓഹരി വിപണികളിൽ വൻതോതിലുള്ള വിറ്റഴിക്കൽ തുടരുന്ന സാഹചര്യത്തിൽ പെട്ടെന്ന് പണം കണ്ടെത്താനുള്ള ഒരു മാർഗമായും നിക്ഷേപകർ സ്വർണത്തെ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് സ്വർണത്തെ മികച്ച നിക്ഷേപമായി കണക്കാക്കാം. ഊർജവില ഉയരുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിനുള്ള ഡിമാൻഡ് വർദ്ധിപ്പിക്കുമെന്നുതന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അതേസമയം, ലോകത്തിലെ മൊത്തം എണ്ണ വിൽപ്പനയുടെ 20 ശതമാനവും കൈകാര്യം ചെയ്യുന്ന ഹോർമുസിലൂടെയുള്ള ചരക്കു ഗതാഗതം നിലച്ചതാണ് ഏറ്റവും വലിയ ആശങ്ക. എണ്ണ വിപണിയിലെ പ്രതിസന്ധി നാണയപ്പെരുപ്പ ഭീഷണി രൂക്ഷമാക്കുകയാണ്. ജപ്പാൻ, കൊറിയ, സിംഗപ്പൂർ, ഹോങ്കോംഗ്, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരി സൂചികൾ ഇന്നലെ കനത്ത തകർച്ച നേരിട്ടു.