ധോണിയും രോഹിത്തും ഗ്യാലറിയിൽ, കൊഹ്ലി ഫൈനലിൽ വരാതിരുന്നത് ആ രണ്ട് കാരണങ്ങൾ കൊണ്ടായിരിക്കാം
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ലോകകിരീടം കാത്തപ്പോൾ വിഐപി ബോക്സിൽ മുൻ നായകന്മാരായ എംഎസ് ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യം ആരാധകർക്ക് ആവേശമായി. എന്നാൽ ക്രിക്കറ്റ് ലോകത്തെ മറ്റൊരു ഇതിഹാസ താരം വിരാട് കൊഹ്ലിയെ കാണാത്തത് ആരാധകരെ നിരാശരാക്കുകയായിരുന്നു. എന്തുകൊണ്ടാണ് കൊഹ്ലി ഫൈനൽ കാണാൻ എത്താതിരുന്നത്? പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ധോണിയും രോഹിത്തും ഔദ്യോഗിക പദവിയിലാണ് ഫൈനൽ കാണാനെത്തിയത്. ലോകകപ്പ് നേടിയ മുൻ നായകന്മാർ എന്ന നിലയിലായിരുന്നു ഇത്. 2007ൽ ആദ്യ ട്വന്റി-20 ലോകകപ്പ് ഇന്ത്യയ്ക്ക് നേടിത്തന്ന നായകനാണ് ധോണി. 2024ൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയ നായകനാണ് രോഹിത്. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരമാണെങ്കിലും വിരാട് കൊഹ്ലിക്ക് ക്യാപ്ടൻ എന്ന നിലയിൽ ട്വന്റി-20 ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ മുൻ ലോകകപ്പ് ജേതാക്കളായ ക്യാപ്ടന്മാരുടെ ഗണത്തിൽ ഔദ്യോഗികമായി കൊഹ്ലിക്ക് പ്രത്യേകിച്ച് റോൾ ഒന്നുമുണ്ടായില്ല.
ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച കൊഹ്ലി നിലവിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് മുൻഗണന നൽകുന്നത്. മുൻപൊരു അഭിമുഖത്തിൽ വിരമിക്കലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്.
'ഒരിക്കൽ ഞാൻ കളി നിർത്തിയാൽ, പിന്നീട് കുറച്ചു കാലത്തേക്ക് എന്നെ നിങ്ങൾ കാണില്ല. 'ടെസ്റ്റ് ട്വന്റി-20 ക്രിക്കറ്റ് അവസാനിപ്പിച്ച കൊഹ്ലി, സ്റ്റേഡിയത്തിലെ തിരക്കുകളിൽ നിന്ന് മാറി തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിലിരുന്ന് ഇന്ത്യയുടെ വിജയം ആഘോഷിക്കുകയായിരുന്നിരിക്കണം.