ഇഷ്ടമില്ലാഞ്ഞിട്ടും ജോലിയിൽ കടിച്ചുതൂങ്ങുന്നവർ കൂടുന്നു; ഉള്ള ജോലിയിൽ എങ്ങനെ സന്തോഷം കണ്ടെത്താം?

Tuesday 10 March 2026 4:41 PM IST

പഴയതുപോലെ ജോലികൾ മാറി മാറി പരീക്ഷിക്കുന്ന കാലം കഴിയുകയാണോ? ഇഷ്ടമില്ലാഞ്ഞിട്ടും ജോലിയിൽ കടിച്ചുതൂങ്ങുന്നവരാണ് പുതിയ കാലത്തെ തൊഴിലിടങ്ങളിൽ നിലവിൽ ചർച്ചയാകുന്നത്. ജോബ് ഹഗ്ഗേഴ്സ് എന്നാണ് ഇക്കൂട്ടരെ വിളിക്കുന്നത്. ജോലിയും വെല്ലുവിളികളും ഇല്ലെങ്കിലും സുരക്ഷിതത്വം ഓർത്ത് ഇപ്പോഴത്തെ ജോലിയിൽ തന്നെ തുടർന്നു പോകുന്ന അവസ്ഥയാണിത്.

ചുരുക്കി പറഞ്ഞാൽ, ഇപ്പോഴത്തെ ജോലിയിൽ താൽപ്പര്യമില്ലെങ്കിൽ പോലും മറ്റൊരു ജോലി തേടാൻ ഭയപ്പെട്ട് അവിടെത്തന്നെ തുടരുന്നതിനെയാണ് 'ജോബ് ഹഗ്ഗിംഗ്' എന്ന് വിളിക്കുന്നത്. കമ്പനിയോടുള്ള സ്‌നേഹക്കൂടുതൽ കൊണ്ടൊന്നുമല്ല, മറിച്ച് സാമ്പത്തിക പ്രതിസന്ധിയും മറ്റൊരു ജോലി തേടനുള്ള പ്രയാസങ്ങളൊക്കെ ഓർത്തിട്ടാണ് പലരും ഈ രീതി സ്വീകരിക്കുന്നത്.

2013ന് ശേഷമാണ് പലയിടത്തും നിയമന നിരക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ അവസരങ്ങൾ കുറയുന്നതിലൂടെ ഉദ്യോഗസ്ഥരെ ജാഗരൂകരാക്കുന്നുണ്ട്. വിപണിയിലെ ചാഞ്ചാട്ടം കാരണം ജോലി വിടാൻ ആരും തയ്യാറാകുന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലുകളെ ബാധിക്കുമോ എന്ന ആശങ്ക പഴയ സ്ഥലത്ത് തന്നെ തുടരാൻ പ്രേരിപ്പിക്കുന്നു.

മോൺസ്റ്ററിന്റെ 2025-ലെ ജോബ് ഹഗ്ഗിംഗ് റിപ്പോർട്ട് പ്രകാരം 75ശതമാനം ജീവനക്കാരും 2027 വരെ നിലവിലെ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട്. ഇതിൽ 48 ശതമാനം പേരും ജോലിയിൽ തുടരുന്നത് സാമ്പത്തിക അരക്ഷിതാവസ്ഥ ഉണ്ടാകുമെന്ന ഭയം മൂലമാണ്. പകുതിയിലധികം പേരും വിശ്വസിക്കുന്നത് പഴയ തലമുറയിലുള്ളവരാണ് ഈ ട്രെൻഡിനോട് കൂടുതൽ താല്പര്യം കാണിക്കുന്നതെന്നാണ്.

സുരക്ഷിതമെന്ന് തോന്നുമെങ്കിലും ഒരേയിടത്ത് തന്നെ കാലങ്ങളോളം സ്തംഭിച്ചു നിൽക്കുന്നത് നിങ്ങളുടെ കരിയറിന്റെ വളർച്ചയെ നന്നായി ബാധിച്ചേക്കും. കഴിവിനൊത്ത ജോലി ചെയ്യാതിരിക്കുന്നത് മാനസിക സമ്മർദ്ദത്തിനും 'ബർണൗട്ടിനും' കാരണമാകും. പുതിയ ആശയങ്ങൾ വികസിപ്പിക്കാത്തതിനെ തുടർന്ന് കമ്പനികളുടെ വളർച്ചയേയും അത് ബാധിക്കും.

ജോലി മാറാൻ പേടിയാണെങ്കിൽ ഉള്ള ജോലിയിൽ തന്നെ എങ്ങനെ വളരാമെന്ന് പറയുകയാണ് വിദഗ്ധർ.

കമ്പനിക്കുള്ളിൽ തന്നെ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയോ പുതിയ സാങ്കേതികവിദ്യകൾ പഠിക്കുകയോ ചെയ്യുക. സഹപ്രവർത്തകരുമായും മറ്റ് കമ്പനികളിലുള്ളവരുമായും നല്ല ബന്ധം നിലനിർത്തുക. ഇത് ഭാവിയിൽ മാർക്കറ്റ് മെച്ചപ്പെടുമ്പോൾ പുതിയ അവസരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും.