അങ്കമാലിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയിട്ട് രണ്ടുവർഷം; ദുരിതമൊഴിയാതെ യാത്രക്കാർ

Wednesday 11 March 2026 2:46 AM IST

പുതിയത് നിർമ്മിക്കണമെന്ന് ആവശ്യം

അങ്കമാലി: അങ്കമാലി ടൗണിൽ കൂടുതൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) മുൻപിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും പുതിയത് സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. കാലവർഷത്തിൽ മഴ നനഞ്ഞും ഇപ്പോൾ പൊരിവെയിലത്തും കടയോരങ്ങളിലും തെരുവിലും ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

ദേശീയപാതയിൽ ഗതാഗത തടസമുണ്ടാകുന്നുവെന്ന പരാതിയെത്തുടർന്നാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയത്. പകരം സംവിധാനം ഒരുക്കുമെന്ന് അന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും കച്ചവടക്കാരുടെ എതിർപ്പിനെത്തുടർന്ന് പുനഃസ്ഥാപിക്കാനുള്ള നടപടികൾ വൈകുകയാണ്. വിവിധ പഞ്ചായത്തുകളിൽനിന്ന് ടൗണിലെത്തുന്നവരും അത്താണി, പറവൂർ, മാള, കണക്കൻകടവ്, കാലടി ഭാഗങ്ങളിലേക്ക് പോകുന്നവരുമായ നൂറുകണക്കിന് യാത്രക്കാരാണ് ഈ സ്റ്റോപ്പിനെ പ്രധാനമായും ആശ്രയിക്കുന്നത്.

യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ദേശീയപാതയിൽ

എസ്.ബി.ഐക്ക് മുൻപിൽ ബസുകൾ നിറുത്തുന്നത് ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പരാതി നൽകിയതിനെത്തുടർന്നാണ് കാത്തിരിപ്പ് കേന്ദ്രം നീക്കം ചെയ്തത്. ഇതിനുപകരമായി 50 മീറ്റർ മുന്നോട്ട് നീക്കി ബസ് വേ നിർമ്മിച്ചെങ്കിലും ബസുകൾ ഇപ്പോഴും പഴയപടി ദേശീയപാതയിൽ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. പരിഷ്കാരം നടപ്പായതോടെ യാത്രക്കാർ വെയിലത്ത് നിൽക്കേണ്ടി വരുന്നുവെന്നത് മാത്രമാണ് മിച്ചം.

തൂണുകളുടെ ഉയരത്തിൽ ഷെൽട്ടർ നിർമ്മിക്കണം

നേരത്തെ നഗരസഭാ കൗൺസിലും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ചേർന്ന് ജോസ് ജ്വല്ലറിക്ക് സമീപം റോഡിന് പുറത്ത് വീതിയുള്ള സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. ദേശീയപാതയിലെ വെള്ളവരയ്ക്ക് പുറത്ത് ബസുകൾ നിറുത്താൻ ഇവിടെ സൗകര്യമുണ്ടായിട്ടും കച്ചവടക്കാരുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മൂവാറ്റുപുഴ നഗരസഭയിൽ നടപ്പാക്കിയതുപോലെ, വ്യാപാര സ്ഥാപനങ്ങളുടെ കാഴ്ച മറയ്ക്കാത്ത രീതിയിൽ രണ്ട് തൂണുകളുടെ ഉയരത്തിൽ ഷെൽട്ടർ നിർമ്മിക്കാവുന്നതാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ബസ് സ്റ്റോപ്പ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തേക്ക് മാറ്റണമെന്നത് വ്യാപാരികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ഗതാഗത മന്ത്രി അങ്കമാലിയിൽ എത്തിയപ്പോൾ ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

ബി.ഒ.ഡേവിസ്

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി