കോൺഗ്രസ് സ്ഥാനാർത്ഥികൾ: ഹൈക്കമാൻഡ് തീരുമാനം വൈകും

Wednesday 11 March 2026 12:29 AM IST

പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസ് സാദ്ധ്യതാ പട്ടിക ഹൈക്കമാൻഡിന് കെ.പി.സി.സി സമർപ്പിച്ചു. ഒരു മണ്ഡലത്തിലും സമവായം ആകാത്തതിനാൽ ഹൈക്കമാൻഡ് തീരുമാനം വൈകും. വലിയ തർക്കങ്ങളില്ലാത്ത ജില്ലകളിലെ സ്ഥാനാർത്ഥികളെയാണ് ആദ്യം പ്രഖ്യാപിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ സ്ഥാനാർത്ഥി പട്ടിക രണ്ടാമത്തെയോ മൂന്നാമത്തെയോ ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ആറൻമുള, കോന്നി, റാന്നി, അടൂർ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. നാല് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തർക്കങ്ങൾ രൂക്ഷമാണ്. ഡി.സി.സിക്ക് ലഭിച്ച സ്ഥാനാർത്ഥികളുടെ ബയോഡേറ്റകൾ കെ.പി.സി.സിക്ക് അയച്ചു കൊടുക്കുകയായിരുന്നു. സാദ്ധ്യതാ പട്ടിക തയ്യാറാക്കി ഹൈക്കമാൻഡിന് സമർപ്പിച്ചു.

സാദ്ധ്യതാ പട്ടികയിൽ

ആറൻമുള

അബിൻ വർക്കി, പി.മോഹൻരാജ്, വിജയ് ഇന്ദുചൂഡൻ, പഴകുളം മധു .

കോന്നി

അടൂർ പ്രകാശ്, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, റോബിൻ പീറ്റർ, ഷൈലാജ് .

റാന്നി

പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കെ.ജയവർമ്മ, പഴകുളം മധു, റിങ്കു ചെറിയാൻ.

അടൂർ

ബാബുദിവാകരനാണ് മുൻഗണന. പന്തളം സുധാകരൻ, രമ്യാഹരിദാസ്, അനന്തുബാലൻ, അഡ്വ.ശാന്തകുമാർ എന്നിവരും പട്ടികയിലുണ്ട്.

ആറൻമുളയിൽ വട്ടമിട്ട് നേതാക്കൾ

ആറൻമുളയിൽ മന്ത്രി വീണാജോർജിനെ നിലവിലെ സാഹചര്യത്തിൽ തോൽപ്പിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. രണ്ടാം പിണറായി സർക്കാരിൽ ഏറ്റവും കൂടുതൽ വിമർശന നേരിട്ട മന്ത്രി വീണാജോർജ് ആണ്. കണ്ണൂർ സംഭവം വീണയ്ക്ക് തിരിച്ചടിയായെന്നും കോൺഗ്രസ് കരുതുന്നു. ഇൗ സാഹചര്യത്തിൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കോൺഗ്രസിൽ പിടിവലി രൂക്ഷമാണ്. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയെ സ്ഥാനാർത്ഥിയായി അവതരിപ്പിച്ച കെ.പി.സി.സി നേതൃത്വത്തിന് മുന്നിൽ പരാതിപ്രളയമാണ്.