ലാഭകരമല്ല പോസ്റ്റോഫീസുകൾ പൂട്ടുന്നു
- കോഴിക്കോട് ഡിവിഷനിൽ പൂട്ടിയത് 6
- ഉടൻ പൂട്ടാൻ ഉദ്ദേശിക്കുന്നത് 9
- തൊഴിൽ നഷ്ടപ്പെട്ട് നിരവധി ജീവനക്കാർ
- തപാൽസേവനം കിട്ടാതെ ജനങ്ങൾ
കോഴിക്കോട്: ലാഭകരമല്ലാത്ത ആർ.എം.എസ് ഉൾപ്പെടെ പോസ്റ്റോഫീസുകൾ വ്യാപകമായി പൂട്ടുന്നു. ഒരു വർഷത്തിനിടെ കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽ മാത്രം പൂട്ടിയത് ആറ് സബ് പോസ്റ്റോഫീസുകൾ. ഒമ്പതെണ്ണം പൂട്ടാനുള്ള പട്ടികയിലാണ്.
പോസ്റ്റോഫീസ് ലാഭകരമാക്കാൻ അധിക ജോലി അടിച്ചേൽപ്പിക്കുന്നുവെന്നാണ് ജീവനക്കാരുടെ ആക്ഷേപം. പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ കാൻവാസ് ചെയ്യാൻ ഓരോ ജീവനക്കാരനും ടാർജറ്റുണ്ട്. പോസ്റ്റൽ ഇൻഷ്വറൻസും ചേർക്കണം. ഇവ രണ്ടിനുമായി ഓരോ മാസവും പ്രത്യേക ദിവസങ്ങൾ പ്രഖ്യാപിച്ചാണ് കാൻവാസ് ചെയ്യുന്നത്. ആ ദിവസത്തേയ്ക്ക് പ്രത്യേക ടാർജറ്റുണ്ടാകും. ഓരോ ഓഫീസിനും അവിടെയുള്ള ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചാണ് ടാർജറ്റ്. ലക്ഷ്യം പൂർത്തിയാക്കുന്നവർക്ക് സമ്മാനം നൽകും. അല്ലാത്തവരുടെ പേരിൽ പകപോക്കൽ നടപടികളെടുക്കുകയാണന്ന് തപാൽ സംയുക്ത സമരസമിതി ഭാരവാഹികൾ പറയുന്നു. ലീവ് അനുവദിക്കാൻ മന:പൂർവം വെെകിപ്പിക്കുക, അനുവദിക്കാതിരിക്കുക, അവധിയാണെങ്കിലും ടാർജറ്റ് അച്ചീവ് ചെയ്യുന്നതു സംബന്ധിച്ച ജോലികൾ ഏൽപ്പിക്കുക തുടങ്ങിയവയാണ് ചെയ്യിക്കുന്നത്. ടാർജറ്റ് ഒട്ടും അച്ചീവ് ചെയ്യാത്തവർക്ക് ലീവ് അനുവദിക്കാറില്ല. കണ്ണൂർ ഡിവിഷനിൽ നടന്ന സർക്കിൾ തല സമരത്തെ തുടർന്ന് ജീവനക്കാരെ വ്യക്തിപരമായി ഭീഷണിപ്പെടുത്തുന്നുവെന്നും ആക്ഷേപമുണ്ട്. സംഘടന ജീവനക്കാരുടെ പ്രതിമാസ കൂട്ടായ്മകൾ പോലും അനുവദിക്കുന്നില്ലെന്ന് സംയുക്ത സമരസമിതി പറയുന്നു.
- തൊഴിൽ നഷ്ടമാകും
പൂട്ടിയ സബ് ഓഫീസുകളിലെ സേവനം തൊട്ടടുത്തുള്ള ഓഫീസുകളിലേക്ക് മാറ്റാറാണ് പതിവ്. ഇത് അവിടത്തെ ജോലിഭാരം വർദ്ധിപ്പിക്കും. സ്ഥിരം ജീവനക്കാരെ മറ്റ് ഓഫീസുകളിലേക്ക് സ്ഥലം മാറ്റും. കരാർ ജീവനക്കാരെ പിരിച്ചുവിടുകയാണ് പതിവ്. ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റപ്പെട്ടവരിൽ പലർക്കും പോകാനാകുന്നില്ല. പ്രത്യേകിച്ചും വനിത ജീവനക്കാർക്ക്. ജോലി നഷ്ടമായ താത്കാലിക തൊഴിലാളികളും നിരവധിയാണ്. ജനങ്ങൾക്ക് തപാൽ സേവനങ്ങൾ കിട്ടുന്നുമില്ല. ഇതിനെതിരെ സംയുക്ത സമരസമിതി പ്രക്ഷോഭത്തിലാണ്.
പൂട്ടിയ സബ് ഓഫീസുകൾ
(കോഴിക്കോട് പോസ്റ്റൽ ഡിവിഷൻ)
ഫറോക്ക് പേട്ട തളി വെസ്റ്റ്ഹിൽ ബീച്ച് കാലിക്കറ്റ് ആർ.എസ് സുൽത്താൻ ബത്തേരി ഈസ്റ്റ് ചെറുവണ്ണൂർ
പൂട്ടാൻ ഉദ്ദേശിക്കുന്നവ
പരപ്പിൽ കാലിക്കറ്റ് സിറ്റി
ബ്രാഞ്ച് ഓഫീസ് വൃന്ദാവൻ കോളനി എസ്.ആർ.കെ മിഷൻ വെസ്റ്റ്ഹിൽ ചുങ്കം പാറോപ്പടി ദേവഗിരി കോളേജ് തിരുവണ്ണൂർ