വി.പി സാനു സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകും ?

Wednesday 11 March 2026 10:49 AM IST

യു.ഷറഫലി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കും

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായ വി.പി സാനുവിനെ നിയമിച്ചേക്കും. നിലവിലെ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബാൾ താരവുമായ യു.ഷറഫലിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ഇടതുമുന്നണി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സ്പോർട്സ് കൗൺസിലിന് പുതിയ പ്രസിഡന്റിന്റെ നിയോഗിക്കാൻ നീക്കം. നിലമ്പൂർ മണ്ഡലത്തിലേക്കാണ് ഷറഫലിയെ പരിഗണിക്കുന്നതെന്നാണ് അറിയുന്നത്.

സംസ്ഥാന സർക്കാരാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ നോമിനേറ്റ് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് പ്രസിഡന്റിനെ നിയമിച്ച് ഉത്തരവ് ഇറങ്ങുമെന്നാണ് അറിയുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു. സംസ്ഥാന കൗൺസിലിൽ ജനപ്രതിനിധികളുടെ ക്വാട്ടയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.