ഗുരുഗോപിനാഥ് ദേശീയ പുരസ്‌കാരം ധനഞ്ജയനും ശാന്ത ധനഞ്ജയനും
Wednesday 11 March 2026 2:01 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ദേശീയനാട്യ പുരസ്‌കാരം ഭരതനാട്യം നർത്തകദമ്പതിമാരായ വി.പി. ധനഞ്ജയനും ശാന്ത ധനഞ്ജയനും നൽകും. മൂന്ന് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
പി.ആർ ചേംബറിലെ പത്രസമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. ഗുരു ഗോപിനാഥ് നടനഗ്രാമമാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. കഥക് നർത്തകി നളിനി ചെയർപേഴ്സണും സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ, മോഹിനിയാട്ടം നർത്തകി അശ്വതി നായർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.