വൈദ്യുതി വിതരണം: സേവനം കാര്യക്ഷമമാക്കി

Wednesday 11 March 2026 2:17 AM IST

തിരുവനന്തപുരം: വൈദ്യുതി മുടങ്ങിയാൽ പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെ വിതരണ രംഗത്തെ സേവനങ്ങൾ വേഗത്തിലാക്കി റെഗുലേറ്ററി കമ്മിഷൻ നിർദ്ദേശിച്ച ചട്ടങ്ങൾ പ്രാബല്യത്തിലായി. സേവനങ്ങൾ യഥാസമയം നൽകിയില്ലെങ്കിൽ ഉപഭോക്താവിന് കെ.എസ്.ഇ.ബി നൽകേണ്ട വിവിധ പിഴകളും കൂട്ടി.

ഫ്യൂസ് തകരാർ അറിയിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സമയം നഗരങ്ങളിൽ ആറുമണിക്കൂർ ആയിരുന്നത് നാലാക്കി കുറച്ചു. ഗ്രാമങ്ങളിൽ എട്ട് മണിക്കൂർ എന്നത് ആറായും ദുർഘടപ്രദേശങ്ങളിൽ 10 മണിക്കൂർ എന്നത് എട്ടു മണിക്കൂറായും കുറച്ചു. ഇതിൽ വീഴ്ചയുണ്ടായൽ ഉപഭോക്താവിന് നൽകേണ്ട പിഴത്തുക 25 രൂപയിൽനിന്ന് 100 ആക്കി.

ലൈൻ, കേബിൾ തകരാറുകൾ നഗരങ്ങളിൽ ആറുമണിക്കൂറിനും ഗ്രാമങ്ങളിൽ എട്ടു മണിക്കൂറിനും ദുർഘടപ്രദേശങ്ങളിൽ 12 മണിക്കൂറിനുമിടയിൽ പരിഹരിക്കണം. ഇതിൽ വീഴ്ച വരുത്തിയാലുള്ള പിഴ 25ൽ നിന്ന് 100 രൂപയാക്കി. പുതിയ കണക്ഷൻ വൻകിട നഗരപ്രദേശങ്ങളിൽ മൂന്നുദിവസത്തിനകവും മറ്റു സ്ഥലങ്ങളിൽ ഏഴു ദിവസത്തിനകവും നൽകണം. ദുർഘടപ്രദേശങ്ങളിൽ ഒരു മാസത്തിനകവും. അറ്റകുറ്റപ്പണികൾക്കും മറ്റുമായി വൈദ്യുതി തടസപ്പെടുന്ന വിവരം 24 മണിക്കൂറിന് മുമ്പ് അറിയിക്കണം.