ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗം, പക്ഷെ പത്മകുമാർ സിപിഎം ജില്ലാ കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്ത്

Tuesday 10 March 2026 11:51 PM IST

പത്തനംതിട്ട : സി.പി.എം ജില്ലാ കമ്മിറ്റിയുടെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്ന് ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ.പത്മകുമാറിനെ പുറത്താക്കി. ജില്ലാ സെക്രട്ടറി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ചർച്ച ചെയ്യുന്ന കാര്യങ്ങൾ പത്മകുമാർ അറിയേണ്ടെന്ന പാർട്ടി നിലപാടിന്റെ ഭാഗമായാണ് ഒഴിവാക്കിയതെന്ന് അറിയുന്നു.

ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റുചെയ്ത് ജയിലിലായിട്ടും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റി അംഗമായി തുടരുകയാണ്.

അതേസമയം ശബരിമല സ്വർണം അപഹരിച്ച കേസുകളിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ‌ദിവസം‌ തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ, ആരോഗ്യനില തൃപ്തികരമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജഡ്ജി ഡോ. സി.എസ്. മോഹിത് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഡിസംബർ 29നാണ് വിജയകുമാറിന്റെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. ബെല്ലാരി ജുവലറി ഉടമ ആർ.പി.എൻ. ഗോവർദ്ധന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേട്ടിരുന്നു.