സി.സി.മുകുന്ദനെ സി.പി.ഐ പുറത്താക്കി
തൃശൂർ : നേതൃത്വത്തിനെതിരെ പരസ്യവിമർശനം ഉന്നയിച്ച നാട്ടിക എം.എൽ.എയും സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവുമായ സി.സി.മുകുന്ദനെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി. നാട്ടിക മണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. പാർട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക എം.എൽ.എയായി പ്രവർത്തിക്കുന്ന സി.സി.മുകുന്ദൻ നിരന്തരമായി പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തി വരികയാണെന്ന് യോഗം വിലയിരുത്തി. എം.വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ.വി.എസ്.സുനിൽ കുമാർ, ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ, ജില്ലാ അസി.സെക്രട്ടറി അഡ്വ.ടി.ആർ.രമേഷ് കുമാർ, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ഷീന പറയങ്ങാട്ടിൽ, കെ.പി.സന്ദീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, സി.സി. മുകുന്ദനെ പിന്തുണയ്ക്കാനുള്ള നീക്കത്തെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്. സി.പി.ഐ തള്ളിയ സ്ക്രാപിനെ എടുക്കേണ്ടതില്ലെന്നാണ് പ്രദേശിക കോൺഗ്രസ് നേതാക്കളുടെ വാദം. സി.സി.മുകുന്ദനായാലും ഗീതാഗോപിയായാലും അവരെ മറിക്കടക്കാനാകുന്ന രാഷ്ട്രീയ സാഹചര്യമാണ് മണ്ഡലത്തിൽ നിലവിലുള്ളതെന്നും വിലയിരുത്തുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നതായാണ് വിവരം. അതേസമയം, മുകുന്ദനുമായി ചർച്ച നടത്തുന്നതിനെക്കുറിച്ച് നേതൃത്വം നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.