സ്ഥാനാർത്ഥിത്വം: ജി.സുധാകരന്റെ പ്രഖ്യാപനം ഉടൻ

Wednesday 11 March 2026 12:02 AM IST

ആലപ്പുഴ : നിയമസഭ തിരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ തന്റെ നിലപാട് മുതിർന്ന സി.പി.എം നേതാവ് ജി.സുധാകരൻ ഉടൻ വെളിപ്പെടുത്തും. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് കാത്തു നിന്നേക്കില്ല. രണ്ട് ദിവസത്തിനുള്ളിൽ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കുമെന്നാണറിയുന്നത്.

അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ സുധാകരൻ ഉറച്ചു നിൽക്കുന്നതായാണ് വിവരം. ഒരു പാർട്ടിക്കൊപ്പവും ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും പൊതുസ്വതന്ത്രനായ തന്നെ ആർക്കും പിന്തുണയ്ക്കാമെന്നുമാണ് സുധാകരന്റെ നിലപാട്.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഫോണിൽ വിളിച്ച് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചു. പാർട്ടി ചുമതലപ്പെടുത്തിയതനുസരിച്ച് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി.ഹരിശങ്കറും നേരിൽ സന്ദർശിച്ച് സംസാരിച്ചു. എന്നിട്ടും നിലപാടിൽ അയവ് വരുത്താൻ ജി.സുധാകരൻ തയ്യാറാകാത്തതിനാൽ അനുനയ ശ്രമങ്ങൾ അവസാനിപ്പിച്ച മട്ടിലാണ് സി.പി.എം. ജി.സുധാകരൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചാൽ യു.ഡി.എഫ് പിന്തുണച്ചേക്കും.