സുധാകരനും അടൂർ പ്രകാശിനും എതിരായ നീക്കം പണിയാവും

Wednesday 11 March 2026 12:08 AM IST

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാദ്ധ്യത ഏറെയുള്ള മുതിർന്ന നേതാക്കളായ കെ.സുധാകരനെയും അടൂർ പ്രകാശിനെയും വെട്ടാനുള്ള ചില നേതാക്കളുടെ നീക്കത്തിൽ പ്രതിഷേധം കടുക്കുന്നു. ആരും സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും പ്രസ്താവന വിവാദത്തിന് ആക്കം കൂട്ടി.

പാർട്ടി പറഞ്ഞാൽ മത്സരിക്കാനുള്ള സന്നദ്ധത രണ്ടു നേതാക്കളും നേരത്തെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. കണ്ണൂരിൽ കെ.സുധാകരനും കോന്നിയിൽ അടൂർപ്രകാശും വിജയം ഉറപ്പുള്ള നേതാക്കളുമാണ്.കോൺഗ്രസിൽ നിന്ന് നിയമസഭയിൽ നിലവിൽ ആകെയുള്ള ഈഴവ പ്രാതിനിധ്യം ഒരാളാണ്. ഈ അവസ്ഥയ്ക്ക് പരിഹാരമാവണമെങ്കിലും വിജയ സാദ്ധ്യതയുള്ള നേതാക്കളെ മത്സര രംഗത്ത് ഇറക്കിയേ തീരൂ. ഇക്കാര്യം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിലും എത്തിയിട്ടുണ്ട്. എന്നാൽ, എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന കടുംപിടുത്തത്തിലൂടെ ഈഴവസമുദായ പ്രാതിനിധ്യം അട്ടിമറിക്കാനാണ് തത്പര കക്ഷികളുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

സുധാകരനെതിരെ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നടത്തിയ പ്രസ്താവനയിൽ വൻപ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. അതോടെ സുധാകരനെ അനുനയിപ്പിക്കാൻ സണ്ണിജോസഫും രമേശ് ചെന്നിത്തലയും ഇടപെടുകയും ചെയ്തു. കണ്ണൂരിൽ സ്ഥാനാർത്ഥിയാവുമെന്ന് പറഞ്ഞ കെ.സുധാകരൻ, ധർമ്മടത്ത് പിണറായി വിജയനെതിരെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. 1996,2001,2006 നിയമസഭ തിരഞ്ഞെടുപ്പുകളിൽ കണ്ണൂരിൽ നിന്ന് വിജയിച്ചിട്ടുള്ള കെ.സുധാകരൻ,2009ലും 2019 ലും കണ്ണൂർ ലോക് സഭ മണ്ഡലത്തിലും വിജയിച്ചു. അടൂർ പ്രകാശാവട്ടെ 96 മുതൽ 2016 വരെയുള്ള എല്ലാ അസംബ്ളി തിരഞ്ഞെടുപ്പിലും കോന്നി മണ്ഡലത്തിൽ തുടർ വിജയം നേടിയിട്ടുള്ളയാളാണ്. 2019 ലും 2024 ലും ആറ്റിങ്ങൽ ലോക് സഭ മണ്ഡലത്തിലും വിജയിച്ചിട്ടുണ്ട്. ഇത്രയും ജനസ്വാധീനമുള്ള നേതാക്കളെ നിയമസഭയിൽ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കമാണ് വ്യാപക പ്രതിഷേധത്തിന് വഴിവച്ചത്.