ഗണേശ് കുമാറിന്റെ വസതിയിലേക്ക് യൂത്ത് കോൺ.- കെ.എസ്.യു മാർച്ച്

Wednesday 11 March 2026 12:19 AM IST
മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ വസതിയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറിക്കാൻ ശ്രമിക്കുന്നു

കൊല്ലം: മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ പത്തനാപുരത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഭാര്യയുടെ ആരോപണത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ബാരിക്കേഡ് മറികടന്ന കെ.എസ്‍,യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ യദു കൃഷ്ണൻ ഉൾപ്പടെ പന്ത്രണ്ടോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച്‌ മന്ത്രിയുടെ വസതിക്ക്‌ സമീപം പൊലീസ് തടയുകയായിരുന്നു. പ്രവർത്തകർ ബാരിക്കേഡ്മറിക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസും പ്രവർത്തകരും തമ്മിലുള്ള നേരിയ സംഘർഷം ഇരുപത് മിനിറ്റോളം നീണ്ടുനിന്നു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി.

മാർച്ച്‌ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ റിയാസ് ചിതറ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്‍.യു ജില്ലാ പ്രസിഡന്റ്‌ അൻവർ സുൽഫിക്കർ, യദു കൃഷ്ണൻ, പവിജ പത്മൻ, ചൈത്ര ഡി.തമ്പാൻ, അനീഷ്‌ ഖാൻ, അജു ജോർജ്, ശിവകുമാർ, രതീഷ് കുറ്റിയിൽ, സൂര്യനാഥ്, പ്രിയങ്ക ഫിലിപ്പ്, സൈജു വർഗീസ്, അനീഷ്‌ വർഗീസ്‌, അജിത് ലാൽ, ബിജി നാസർ, അജി നാസർ, അജ്മൽ പുത്തയം, അബി പത്തനാപുരം, ശ്യാം പട്ടാഴി,അബ്ദുള്ള, യദു പട്ടാഴി എന്നിവർ സംസാരിച്ചു.